തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് 8000 വോട്ടിനടുത്ത് ഭൂരിപക്ഷമുണ്ടാകുമെന്നാണ് വിലയിരുത്തലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. നേരത്തെ 12,000 ന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. 

ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ നേരിട്ട് ബാധിക്കില്ല എന്നതിനാല്‍ പലരും വോട്ടു ചെയ്തിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ നടത്തിയ ഇളക്കിമറിച്ചുള്ള പ്രചാരണത്തിന്റെ ഫലമായി കുറേപേര്‍ മറിച്ച് വോട്ടു ചെയ്താല്‍ പോലും 5000 തൊട്ട് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നാണ് കരുതുന്നതെന്ന് ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി. 

കഴിഞ്ഞതവണ ട്വന്റി ട്വന്റിക്കും വി ഫോറിനും കൂടെ ഏകദേശം പതിനായിരത്തോളം വോട്ടു കിട്ടി. അതില്‍ പലരും വോട്ടുചെയ്യാനെത്തിയിട്ടില്ല. ആദ്യം എണ്ണുക ഇടപ്പള്ളി, പോണേക്കര ബൂത്തുകളിലെ വോട്ടുകളാണ്. അതില്‍ നിന്നു തന്നെ ട്രെന്‍ഡുകള്‍ വ്യക്തമാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. കൊച്ചി നഗരമേഖലയില്‍ പോളിങ്ങ് ശതമാനത്തിലുണ്ടായ കുറവാണ് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. 

LEAVE A REPLY

Please enter your comment!
Please enter your name here