സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

0

ന്യൂഡൽഹി ∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ഇഎസ്‌സെഡ്) ആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം ഇഎസ്‍സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു.

ഇതുപ്രകാരം, നിലവിലെ ഇഎസ്‍സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചു.

ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാണെന്ന വിധി നിലവിൽ അതിലധികം ബഫർ സോൺ നിശ്ചയിച്ചിരിക്കുന്ന മേഖലകൾക്കു ബാധകമാകില്ലെന്നും ജഡ്ജിമാരായ എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ചുരുക്കത്തിൽ നിലവിലുള്ള ബഫർ സോണുകളും ഇഎസ്‍സെഡ് മേഖലകളും നിലനിൽക്കും. നീലഗിരിയിലെ വനനശീകരണത്തിനെതിരെ നിയമയുദ്ധം നടത്തി ശ്രദ്ധ നേടിയ, പരേതനായ ടി.എൻ.ഗോദവർമൻ തിരുമുൽപ്പാട് നൽകിയ ഹർജിയിലെ അപേക്ഷകളും റിപ്പോർട്ടുകളുമാണു കോടതി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here