രാജ്യത്തെ കംപനികളിലെ 86 ശതമാനം ജീവനക്കാരും അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതായി പഠന റിപോർട്ട്

0

ന്യൂഡെൽഹി: രാജ്യത്തെ കംപനികളിലെ 86 ശതമാനം ജീവനക്കാരും അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതായി പഠന റിപോർട്ട്. എംപ്ലോയ്‌മെന്റ് ആൻഡ് റിക്രൂട്മെന്റ് ഏജൻസിയായ മൈകൽ പേജിന്റെ റിപോർടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപോർട് അനുസരിച്ച്, 2022 ലും ജീവനക്കാരുടെ രാജി തുടരും. ഇൻഡ്യയിലെ 61 ശതമാനം ജീവനക്കാരും മെച്ചപ്പെട്ട ജീവിതത്തിനും ജോലിക്കും വേണ്ടി ശമ്പള വർധനവോ സ്ഥാനക്കയറ്റമോ ഉപേക്ഷിക്കാനും തയ്യാറാണെന്ന് റിപോർട് പറയുന്നു.

കോവിഡിന് ശേഷവും കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രവണത തുടരുന്നു, ഇത് 2022 ൽ കൂടുതൽ തീവ്രമായേക്കാം. ഈ പ്രവണത എല്ലാ വിപണികളിലും വ്യവസായങ്ങളിലും വിവിധ പ്രായത്തിലുള്ള ജീവനക്കാരിലും തുടരും. മൊത്തത്തിൽ, അടുത്ത കുറച്ച് മാസങ്ങളിൽ വൻ പ്രതിഭകളുടെ കുടിയേറ്റത്തിന് സാധ്യതയുണ്ട്.
തൊഴിൽ ക്രമീകരണങ്ങളും കോവിഡ് നയങ്ങളും
കംപനിയുടെ ജോലി ക്രമീകരണങ്ങളെക്കുറിച്ചും (ഹൈബ്രിഡ് അല്ലെങ്കിൽ വർക് ഫ്രം ഹോം മുതലായവ) കോവിഡുമായി ബന്ധപ്പെട്ട നയങ്ങളെക്കുറിച്ചും ജീവനക്കാർക്കിടയിൽ വളരെയധികം അതൃപ്തിയുണ്ട്. എന്നാൽ, ഇക്കാരണങ്ങളാൽ രാജിവെക്കുകയോ രാജിവയ്ക്കാൻ ഒരുങ്ങുകയോ ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 11 ശതമാനം മാത്രമാണെന്നും റിപോർടിൽ പറയുന്നു.
രാജിയുടെ പ്രധാന കാരണങ്ങൾ
മൈകൽ പേജ് പറയുന്നതനുസരിച്ച്, ജീവനക്കാരുടെ രാജിയുടെ പ്രധാന കാരണങ്ങൾ കരിയർ മുന്നേറ്റം, ഉയർന്ന ശമ്പളം, ജോലിയുടെ റോളിലെ മാറ്റം, ജോലി സംതൃപ്തി എന്നിവയാണ്. ശമ്പളം, ബോണസ്, ഇൻസെന്റീവ് റിവാർഡുകൾ എന്നിവയാണ് ജീവനക്കാരെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്നത്. അതേസമയം, ജീവനക്കാരുടെ അംഗീകാരത്തേക്കാൾ 110 ശതമാനം വരെ പ്രധാനം കംപനിയുടെ ബ്രാൻഡാണെന്ന് തൊഴിലുടമകൾ കരുതുന്നു. അതായത്, തൊഴിലുടമകൾ വിശ്വസിക്കുന്നതുപോലെ കംപനിയുടെ ബ്രാൻഡ് ജീവനക്കാർക്ക് പ്രധാനമല്ല. നിലവിൽ തൊഴിലില്ലാത്തവരിൽ 43 ശതമാനവും ആറുമാസത്തിലേറെയായി തൊഴിൽരഹിതരാണെന്നാണ് റിപോർട് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here