സ്വര്‍ണക്കടത്തുകേസ്‌ പ്രതി സ്വപ്‌നാ സുരേഷ്‌ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ഗൂഢാലോചനയെന്ന പ്രാഥമികനിഗമനത്തില്‍ അന്വേഷണസംഘം

0

സ്വര്‍ണക്കടത്തുകേസ്‌ പ്രതി സ്വപ്‌നാ സുരേഷ്‌ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ഗൂഢാലോചനയെന്ന പ്രാഥമികനിഗമനത്തില്‍ അന്വേഷണസംഘം. ഷാജ്‌ കിരണ്‍ എന്നയാളുടെ കടന്നുവരവും മാധ്യമപ്രവര്‍ത്തകന്‍ നികേഷ്‌കുമാറിനെ ഇതിലേക്കു വലിച്ചിഴയ്‌ക്കാനുള്ള നീക്കവും ഗൂഢാലോചനയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നാണു വിലയിരുത്തല്‍.
ആരോപണങ്ങളില്‍ തനിക്കു പങ്കില്ലെന്നും അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നും വ്യക്‌തമാക്കി ഷാജ്‌ കിരണ്‍ ഡി.ജി.പിക്കു കത്തും നല്‍കി. ഇയാളും സുഹൃത്ത്‌ ഇബ്രാഹിമും കേരളം വിട്ടെന്ന അഭ്യൂഹവുമുയര്‍ന്നു. കേസില്‍ സാക്ഷിയായി ചേര്‍ത്ത സരിത എസ്‌. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചു. ഇതിനുള്ള അപേക്ഷ നാളെ കോടതിയില്‍ നല്‍കും. സ്വപ്‌നയുടെ രഹസ്യമൊഴിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിന്റെ ഭാഗമാകാന്‍ തന്നെ ക്ഷണിച്ചിരുന്നെന്നും സരിത ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അവരില്‍നിന്നു മൊഴിയെടുത്തു. അതിനു പുറമേയാണു രഹസ്യമൊഴിയും രേഖപ്പെടുത്തുന്നത്‌.
മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന്‌ അവകാശപ്പെട്ട ഷാജ്‌ കിരണിനെയും സുഹൃത്ത്‌ ഇബ്രാഹിമിനെയും പ്രതികളാക്കാന്‍തന്നെയാണു പോലീസ്‌ നീക്കം. ഇവര്‍ നടത്തിയ സംഭാഷണമെന്ന പേരില്‍ സ്വപ്‌ന പുറത്തുവിട്ട ശബ്‌ദസന്ദേശം ശാസ്‌ത്രീയപരിശോധനയ്‌ക്കു വിധേയമാക്കും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിടുമെന്ന്‌ അവകാശപ്പെട്ടിരുന്ന ഷാജ്‌കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലാണെന്നു വ്യക്‌തമാക്കി. സ്വപ്‌ന പുറത്തുവിട്ട ശബ്‌ദസന്ദേശം ശാസ്‌ത്രീയപരിശോധനയ്‌ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ട്‌ ഷാജ്‌ കിരണ്‍ ഡി.ജി.പിക്കു കത്തു നല്‍കി. തങ്ങളുടേതല്ലാത്ത ശബ്‌ദം എഡിറ്റ്‌ ചെയ്‌ത്‌ ചേര്‍ത്തെന്നാരോപിച്ചാണു ഷാജ്‌ കിരണും ഇബ്രാഹിമും പോലീസിനു പരാതി നല്‍കിയത്‌. പരാതി ഡി.ജി.പി. അന്വേഷണസംഘത്തിനു കൈമാറി.
ഗൂഢാലോചന കേസ്‌ റദ്ദാക്കാന്‍ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണു സ്വപ്‌നാ സുരേഷിന്റെ നിലപാട്‌. അങ്ങനെയെങ്കില്‍ കേസില്‍ സാംഗത്യമുണ്ടെന്നു വ്യക്‌തമാക്കാനാണു സരിതയുടെ മൊഴി രേഖപ്പെടുത്തിയത്‌. സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട്‌ സരിതയും പി.സി. ജോര്‍ജും നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന്റെ പ്രതികരണത്തിലാണു സരിത സ്വര്‍ണക്കടത്തുകേസില്‍ പുതിയ ഗൂഢാലോചന നടന്നെന്നു വെളിപ്പെടുത്തിയത്‌.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുറത്തുവിടാന്‍ ഒരുക്കിയ തന്ത്രമായിരുന്നു ഇതെന്നു മൊഴിനല്‍കിയതായി സരിത പിന്നീട്‌ വ്യക്‌തമാക്കി. സ്വപ്‌നയ്‌ക്കുവേണ്ടി ആരോപണമുന്നയിക്കാന്‍ തന്നോട്‌ പി.സി. ജോര്‍ജ്‌ ആവശ്യപ്പെട്ടെന്നും സരിത പറഞ്ഞു. എന്നാല്‍ അവരുടെ പക്കല്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതുകൊണ്ട്‌ താന്‍ ഇടപെട്ടില്ല. ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ കൂടിക്കാഴ്‌ച നിശ്‌ചയിച്ചതുകൊണ്ട്‌ പിന്നീട്‌ അതുമായി ബന്ധപ്പെട്ടില്ലെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here