പോലീസില്‍ സര്‍ക്കാരിന്‌ നിയന്ത്രണമില്ലാത്തതില്‍ സി.പി.എമ്മിലും ഇടതുമുന്നണിയിലും കടുത്ത അതൃപ്‌തി

0

പോലീസില്‍ സര്‍ക്കാരിന്‌ നിയന്ത്രണമില്ലാത്തതില്‍ സി.പി.എമ്മിലും ഇടതുമുന്നണിയിലും കടുത്ത അതൃപ്‌തി. ഏറ്റവും ഒടുവില്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിയായ സ്വപ്‌നാ സുരേഷ്‌ ആരോപണം ഉന്നയിച്ച പിന്നാലെ അവരുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ സരിത്തിനെ വിജിലന്‍സ്‌ പിടിച്ചുകൊണ്ടുപോയതാണ്‌ അതൃപ്‌തി ശക്‌തമാക്കിയിരിക്കുന്നത്‌.
ഇടനിലക്കാരന്‍ എന്ന്‌ ഭാവിച്ചെത്തിയ ഷാജ്‌ കിരണുമായി വിജിലന്‍സ്‌ ഡയറക്‌ടര്‍ പല പ്രാവശ്യം ബന്ധപ്പെട്ടതും മുന്നണിയില്‍ കടുത്ത പ്രതിഷേധത്തിനിടിയാക്കിയിട്ടുണ്ട്‌. ഇതിനിടയില്‍ സ്വര്‍ണക്കടത്തു കേസില്‍ രാഷ്‌ട്രീയ പ്രചാരണത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നതിന്‌ 14ന്‌ ഇടതുമുന്നണി യോഗവും വിളിച്ചിട്ടുണ്ട്‌.
സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ ഏറ്റവും മോശമാക്കുന്നത്‌ പോലീസിന്റെ ചെയ്‌തികളാണെന്നാണ്‌ മുന്നണിയിലെ പൊതുവിമര്‍ശനം. ആരോപണം ഉന്നയിച്ചപിന്നാലെ അവരുടെ സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത്‌ സംശയം ബലപ്പെടുത്താനാണ്‌ ഉപകരിച്ചത്‌. ഇത്തരത്തിലുള്ള ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കാന്‍ കഴിയാത്തത്‌ സര്‍ക്കാരിന്റെ വലിയ വീഴ്‌ചയാണെന്ന വികാരം സി.പി.എമ്മിലുമുണ്ട്‌. സി.പി.ഐക്കും ഇതില്‍ കടുത്ത അതൃപ്‌തിയുണ്ട്‌.
ഇപ്പോള്‍ പൊട്ടിക്കുമെന്ന്‌ സ്വപ്‌ന ഭയപ്പെടുത്തിയ ശബ്‌ദരേഖയില്‍ ഒന്നുമില്ലെങ്കിലും അതിലും വെട്ടിലാക്കുന്നത്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ ഇടപെടലാണ്‌. ഇത്തരത്തിലുള്ള ഒരു വ്യക്‌തിയുമായി നിരവധി തവണ ബന്ധപ്പെടാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ എന്തായിരുന്നു ആവശ്യം എന്നതാണ്‌ മുന്നണിയിലുയരുന്ന രോഷം. അദ്ദേഹത്തെ സ്‌ഥാനത്തുനിന്നും മാറ്റുക മാത്രമല്ല, അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌. പോലീസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരെ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുചെയ്‌താലും പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ നാണംകെടേണ്ട സ്‌ഥിതിയുണ്ടാകുമെന്നും മുന്നണി ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇപ്പോള്‍ സര്‍ക്കാരിന്റെ ഇടനിലക്കാരനെന്ന പേരില്‍ രംഗത്തുവന്ന ഷാജ്‌ കിരണിനെതിരേ ശക്‌തമായ നടപടി വേണമെന്നും മുന്നണിയില്‍ ആവശ്യമുണ്ട്‌.
എന്നാലും വിഷയത്തില്‍ മുഖ്യമന്ത്രിക്ക്‌ പിന്നില്‍ ഉറച്ചുനില്‍ക്കാനാണ്‌ ഘടകകക്ഷികളുടെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ ശക്‌തമായ അന്വേഷണം വേണമെന്ന്‌ തന്നെയാണ്‌ അവരുടെ നിലപാട്‌. ഇതോടൊപ്പം രാഷ്‌ട്രീയമായും നേരിടുന്നതിന്‌ പുറമെ കോടതിയെ സമീപിക്കണമെന്ന ആവശ്യവും മുന്നണിയിലുണ്ട്‌. ഇക്കാര്യവും സി.പി.എം. പരിശോധിക്കുന്നുണ്ട്‌.
സ്വപ്‌ന കോടതിയില്‍ നല്‍കിയെന്ന്‌ പറയുന്ന മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നശേഷം അതേക്കുറിച്ച്‌ ആലോചിക്കും. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കാളുപരി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഇതിലേക്ക്‌ വലിച്ചിഴയ്‌ക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലായിരിക്കും കോടതിയെ സമീപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here