പൊലീസ് അധികാരിക്കെതിരെ മോൻസൻ മാവുങ്കൽ നൽകിയ മൊഴികൾ വസ്തുതാപരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം

0

വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉന്നത പൊലീസ് അധികാരിക്കെതിരെ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ നൽകിയ മൊഴികൾ വസ്തുതാപരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രാഥമിക നിഗമനം.
സർവീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി അന്വേഷണം അവസാനിപ്പിക്കും മുൻപ് രേഖപ്പെടുത്തേണ്ടി വരും. ഒന്നര മാസം മുൻപാണു മോൻസന്റെ മൊഴി വിയ്യൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അനിതാ പുല്ലയിലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.മോൻസനുമായി അടുപ്പം പുലർത്തിയിരുന്ന 3 പൊലീസ് ഉദ്യോഗസ്ഥരാണു സംശയത്തിന്റെ നിഴലിലുള്ളത്. ഇതിൽ ഒരാളാണു വിരമിച്ചത്. പുരാവസ്തു തട്ടിപ്പിനോടും നേരിട്ടു ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരാളാണെങ്കിലും വിരമിച്ച ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകൾ മോൻസൻ നടത്തിയിരുന്നു. പൊലീസുകാരെ സംരക്ഷിക്കുന്ന മൊഴികളാണു മോൻസൻ ഇഡിക്കു നൽകിയതെങ്കിലും തെളിവുകൾ കാണിച്ചുള്ള ചോദ്യം ചെയ്യലിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മോൻസൻ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. മോൻസന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് വില പെരുപ്പിച്ചു കാണിച്ച വ്യാജ പുരാവസ്തുക്കൾ കാണിച്ചുള്ള ഫണ്ട് പിരിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here