രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിറ്റേ ദിവസവും ദ്രൗപതി മുർമുവിന്റെ ജീവിത രീതികളിൽ മാറ്റമൊന്നും വന്നിട്ടില്ല

0

രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിറ്റേ ദിവസവും ദ്രൗപതി മുർമുവിന്റെ ജീവിത രീതികളിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത രാഷ്ട്രപതിയാവും എന്ന് ഏറെക്കുറെ ഉറപ്പായിട്ടും പതിവ് പോലെ ക്ഷേത്ര ദർശനത്തിനെത്തിയ ദ്രൗപതി മുർമു പതിവ് രീതികൾ മാറ്റാൻ തയ്യാറായിട്ടില്ല. രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ ബിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിയെ ‘ഇസഡ് പ്ലസ്’ വലയത്തിലാക്കി കേന്ദ്രം സുരക്ഷ ഉറപ്പാക്കിയിരുന്നു.

വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സുരക്ഷാ പരിരക്ഷയുടെ രണ്ടാമത്തെ റാങ്കിലുള്ളതാണ് ‘ഇസഡ് പ്ലസ്’ കാറ്റഗറി. സിആർപിഎഫ് കമാൻഡോകളാണ് സുരക്ഷ ഒരുക്കുന്നത്.ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായങ്പൂർ ടൗൺഷിപ്പിലെ ഒരു ക്ഷേത്രത്തിന്റെ മുറ്റം വൃത്തിയാക്കുന്ന ദ്രൗപതി മുർമുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സന്താൾ ഗോത്രവർഗ നേതാവായ മുർമു ഇന്ന് വീട്ടിന് അടുത്തുള്ള മൂന്നോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു.

പൂർണ്ണന്ദേശ്വര് ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിന് മുമ്പാണ് മുർമു ചൂലെടുത്തു ക്ഷേത്ര പരിസരം വൃത്തിയാക്കിയത്. റൈരംഗ്പൂർ പ്രജാപിത ബ്രഹ്മ കുമാരി ഈശ്വരീയ വിശ്വ വിദ്യാലയം സന്ദർശിച്ച മുർമു അവിടെയും പ്രാർത്ഥന നടത്തി. ഒഡീഷയിലെ സ്ത്രീകൾ അവരുടെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും മുന്നിലെ തെരുവുകൾ തൂത്തുവാരുന്നത് വളരെ സാധാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സമീർ മൊഹന്തി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഗവർണർ സ്ഥാനം വഹിച്ച ആദ്യ ഗോത്ര വിഭാഗ വനിതയും ദ്രൗപതിയാണ്. 1958 ജൂൺ 20 നാണ് ദ്രൗപതി മുർമു ജനിച്ചത്. 1997 ലാണ് ഇവർ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആ വർഷം റായ് രംഗപൂരിലെ ജില്ലാ ബോർഡിലെ കൗൺസിലറായി ദ്രൗപതി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ നിന്നും രണ്ട് തവണ ഇവർ എംഎൽഎയായിരുന്നു. ബിജെപി-ബിജെഡി സംയുക്ത സർക്കാരിൽ മന്ത്രിയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here