വീടിനുസമീപത്ത് നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനിക്ക് മണ്ണ് മാഫിയാ സംഘത്തിന്റെ ആക്രമണം

0

മൂവാറ്റുപുഴ: വീടിനുസമീപത്ത് നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിനിക്ക് മണ്ണ് മാഫിയാ സംഘത്തിന്റെ ആക്രമണം. മണ്ണെടുക്കുന്നത് പെൺകുട്ടി ഫോണിൽ പിടിക്കുന്നത് കണ്ട മണ്ണ് മാഫിയാ തലവൻ പെൺകുട്ടിയെ അടിച്ചുവീഴ്‌ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാറാടി എട്ടാം വാർഡിൽ കാക്കൂച്ചിറ വേങ്ങപ്ലാക്കൽ വി. ലാലുവിന്റെ മകൾ അക്ഷയയെയാണ് മുഖത്തടിക്കുകയും മുടിക്കുത്തിനു പിടിച്ച് വലിച്ചിഴയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിനു വിധേയമാക്കി. മൂവാറ്റുപുഴ നിർമല കോളേജ് ബിരുദ വിദ്യാർത്ഥിയാണ് അക്ഷയ. അക്ഷയയെ ആക്രമിച്ച കേസിൽ മണ്ണെടുപ്പ് സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന അൻസാറിനെതിരേ സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെൺകുട്ടിയെ ഉപദ്രവിച്ചതിനും കേസെടുത്തു.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീടിനോടു ചേർന്നുള്ള സ്ഥലം വാങ്ങി അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് സമീപത്തുള്ള വീടുകൾക്ക് ഭീഷണിയായിരുന്നു. ഇതോടെ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു വീട്ടുകാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത് വിലക്കുകയും ചെയ്തു. മണ്ണെടുക്കലോ മറ്റ് നിർമ്മാണങ്ങളോ നടത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ് പൊലീസ് മടങ്ങിയത്.

എന്നാൽ, പിറ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് തുടങ്ങി. ഇതോടെ പെൺകുട്ടി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇതുകണ്ട അൻസാർ പാഞ്ഞടുക്കുകയും അക്ഷയയെ ആക്രമിക്കുകയും ആയിരുന്നു. വീടുകളോടു ചേർന്ന് മുപ്പത് മീറ്റർ വരെ ആഴത്തിൽ മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന് ലാലു പറഞ്ഞു. ലാലു ജോലി സ്ഥലത്തായിരുന്നു. ഇത് തടയാൻ ശ്രമിച്ചവരെയും അൻസാർ ഭീഷണിപ്പെടുത്തിയതായി ലാലു പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്നും പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ആവശ്യപ്പെട്ടു. ഭരണകക്ഷിയിൽ പെട്ട ചിലരാണ് മണ്ണെടുപ്പിനും ഭീഷണിക്കും പിന്നിലെന്നും പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here