അഞ്ചുവിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ ഒരു ബൈക്കില്‍ അപകടകരമായ രീതിയില്‍ സഞ്ചരിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളെ സാമൂഹിക സേവനത്തിനു നിയോഗിച്ചു മോട്ടോര്‍ വാഹനവകുപ്പിന്റെ ശിക്ഷ

0

അഞ്ചുവിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ ഒരു ബൈക്കില്‍ അപകടകരമായ രീതിയില്‍ സഞ്ചരിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളെ സാമൂഹിക സേവനത്തിനു നിയോഗിച്ചു മോട്ടോര്‍ വാഹനവകുപ്പിന്റെ ശിക്ഷ.
ഇടുക്കി മെഡിക്കല്‍ കോളജില്‍ രണ്ടുദിവസം സാമൂഹിക സേവനം നടത്താനാണ്‌ ആര്‍.ഡി.ഒ: ആര്‍. രമണന്റെ നിര്‍ദേശം. 2000 രൂപ പിഴയടയ്‌ക്കാനും നിര്‍ദേശമുണ്ട്‌. ബൈക്ക്‌ ഓടിച്ച ജോയല്‍ വി. ജോമോന്റെ ലൈസന്‍സ്‌ മൂന്നു മാസത്തേക്കു റദ്ദാക്കി പിഴ അടപ്പിച്ച ശേഷമാണു വിട്ടയച്ചത്‌. കഴിഞ്ഞ 24 ന്‌ മുരിക്കാശേരിയിലാണ്‌ വിദ്യാര്‍ഥികള്‍ കോളജ്‌ യൂണിഫോമില്‍ അപകടകരമായ വിധത്തില്‍ ബൈക്ക്‌ റൈഡിങ്‌ നടത്തിയത്‌.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ ഇടുക്കി ആര്‍.ടി.ഒ: ആര്‍. രമണന്‍, അസി. മോട്ടോര്‍ വൈക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ സോണി ജോണ്‍, നെബു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മുരിക്കാശേരിയിലെത്തി നടത്തിയ അനേ്വഷണത്തില്‍ ബൈക്കും പ്രതികളെയും കണ്ടെത്തി.
സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്‌ വിദ്യാര്‍ഥികള്‍. അഞ്ചുപേരെയും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ആര്‍.ടി. ഓഫീസിലേക്കു വിളിച്ചുവരുത്തി കൗണ്‍സലിങ്‌ നല്‍കി. കുറ്റം ആവര്‍ത്തിക്കില്ലെന്ന്‌ മാതാപിതാക്കളുടെ മുമ്പില്‍ വച്ചു വിദ്യാര്‍ഥികളെ കൊണ്ട്‌ പ്രതിജ്‌ഞ എടുപ്പിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here