മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ അറസ്‌റ്റില്‍

0

മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ അറസ്‌റ്റില്‍. മണിയാറന്‍കുടി വട്ടമലക്കുന്നേല്‍ ജോസഫിന്റെ മകന്‍ ജോബിനാ (21) ണ്‌ അറസ്‌റ്റിലായത്‌. വാഴത്തോപ്പ്‌ താന്നിക്കണ്ടം കൊച്ചുപുരയ്‌ക്കല്‍ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ ത്രേസ്യാമ്മയെ (69)യാണ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. ചൊവ്വാഴ്‌ച രാത്രി ഏഴിനാണ്‌ സംഭവം.
പുറത്തുപോയിരുന്ന ത്രേസ്യാമ്മ വൈകിട്ട്‌ തിരിച്ചെത്തിയപ്പോള്‍ വീട്‌ തുറന്നു കിടക്കുന്നതാണു കണ്ടത്‌. അകത്തു കയറി നോക്കിയപ്പോള്‍ കട്ടിലില്‍ ഒരാള്‍ കിടക്കുന്നു. ഉടനെ പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിവരമറിയിച്ചു.
മകനാണ്‌ ഇടുക്കി പോലീസില്‍ വിവരമറിയിച്ചത്‌. പോലീസെത്തുമ്പോള്‍ ത്രേസ്യാമ്മ ചോരയില്‍ കുളിച്ച്‌ അബോധാവസ്‌ഥയിലായിരുന്നു. പോലീസിനെ കണ്ട്‌ ഓടാന്‍ ശ്രമിച്ചെങ്കിലും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്ന ജോബിനെ പോലീസ്‌ പിടികൂടി.
അത്യാസന്നനിലയിലായിരുന്ന ത്രേസ്യാമ്മയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി അമിതമായി മദ്യപിച്ചതിനാലും ത്രേസ്യാമ്മയ്‌ക്ക്‌ ബോധം വീണ്ടെടുക്കാന്‍ കഴിയാത്തതിനാലും സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
354, 452 വകുപ്പുകള്‍ പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കിയ ജോബിനെ റിമാന്‍ഡ്‌ ചെയ്‌തു. എസ്‌.ഐ: അജയകുമാര്‍, എ.എസ്‌.ഐ: അരുണ്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ഷിന്റോ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here