സംസ്ഥാനത്ത് റോഡ്, പാലം നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പിന്തുടരേണ്ട സുരക്ഷാ, മുൻകരുതൽ നടപടികൾക്കു പ്രോട്ടോക്കോൾ രൂപീകരിക്കണം; ഹൈക്കോടതി

0

കൊച്ചി ∙ സംസ്ഥാനത്ത് റോഡ്, പാലം നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പിന്തുടരേണ്ട സുരക്ഷാ, മുൻകരുതൽ നടപടികൾക്കു പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നും അതു പാലിക്കുന്ന കാര്യം സർക്കാരും പിഡബ്ല്യുഡിയും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിർമാണ സ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചവും മുന്നറിയിപ്പും ഇല്ലാത്തതാണു അപകടത്തിലേക്കു നയിക്കുന്നതെന്നു കോടതി പറഞ്ഞു.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജികൾ പരിഗണിക്കുന്നതിനിടെ, തൃപ്പുണിത്തുറയിൽ പണി നടക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവു മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. എൻജിനീയർക്കും കരാറുകാരനുമെതിരെ കേസ് എടുത്തെന്നും എൻജിനീയറെ സസ്പെൻഡ് ചെയ്തെന്നും സർക്കാർ അറിയിച്ചു. എന്നാൽ, അപകടം നടന്ന ശേഷം പതിവു മട്ടിൽ നടപടിയെടുത്തിട്ടു കാര്യമില്ലെന്നു കോടതി പറഞ്ഞു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിനുള്ള നഷ്ടം ഇതുകൊണ്ടു നികത്താനാവില്ല. ബാരിക്കേഡ് ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നു എന്നു കരുതുന്നവരുമുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നു കോടതി പറഞ്ഞു.

സംവിധാനത്തിന്റെ ശാപം

∙ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി പുരോഗതിയെ കുറിച്ചു പറയുമ്പോൾ, തൊട്ടടുത്ത് അടിസ്ഥാന ആവശ്യങ്ങൾ പോലും നടപ്പാകാത്തതു സംവിധാനത്തിന്റെ ശാപമാണെന്നു കോടതി പറഞ്ഞു. ഈ ആധുനിക കാലത്ത് ഇത്തരം സംഭവങ്ങൾ നാണക്കേടാണ്. നിർമാണ സ്ഥലത്തു വെളിച്ചം ഇല്ലെങ്കിൽ, 40 കിലോ മീറ്ററിലേറെ വേഗത്തിൽ വണ്ടിയോടിച്ചു പോകുന്നവരുടെ ശ്രദ്ധയിൽപ്പെടില്ല. നിർമാണ സൈറ്റുകളിൽ മതിയായ മുൻകരുതൽ കൂടിയേ തീരൂ. ജീവിത തിരക്കിൽ നെട്ടോട്ടം ഓടുന്ന ജനത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ഇത് അനിവാര്യമാണ്. എല്ലാ നിർമാണങ്ങൾക്കും പ്രോട്ടോക്കോൾ നിർബന്ധമാക്കുന്ന കാര്യത്തിൽ അധികൃതർ വിശദീകരണം നൽകണമെന്നു കോടതി നിർദേശിച്ചു.

ഉദ്യോഗസ്ഥർക്ക് താക്കീത്

∙ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എൻജിനീയർക്കും സൂപ്പർവൈസറി ഓഫിസർക്കും നിയമപരമായ പൂർണ ഉത്തരവാദിത്തം ഉണ്ടാകുമെന്നു കോടതി വ്യക്തമാക്കി. ചുമതലക്കാരായ ഉദ്യോഗസ്ഥർക്കു പ്രാഥമിക ഉത്തരവാദിത്തം നൽകുന്നതിനൊപ്പം പിഴ ചുമത്താനും നടപടിയില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കും.

നിയമത്തോടു ഭയവും ബഹുമാനവും ഉണ്ടായാൽ മാത്രമേ മാറ്റം ഉണ്ടാകൂ. സ്വന്തമായി നടത്തുന്ന നിർമാണത്തിൽ എന്ന പോലെ നിലവാരം ആവശ്യമാണ്. ഇതു വിസ്മരിക്കുമ്പോൾ സാധാരണ പൗരന്റെ ജീവനാണു പൊലിയുന്നത് – കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here