അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ ശക്തമായി തുടരുന്നു

0

ബിഹാർ : അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ ശക്തമായി തുടരുന്നു. അഗ്നിവീർമാർ ആയി നിയമിക്കപ്പെടുന്നവർക്ക് വിവിധ സൈനിക വിഭാഗങ്ങൾ സംവരണം പ്രഖ്യാപിച്ചെങ്കിലും അയവില്ലാതെ തുടരുകയാണ് പ്രതിഷേധം. ബിഹാറിലെ ബക്സറിൽ പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ബീഹാറിൽ രണ്ട് സൈനിക പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയിൽവേ സ്റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും പ്രചരിപ്പിച്ച വീഡിയോകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ഇവർക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ബീഹാറിൽ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്. 
ഇതിനിടെ പദ്ധതിക്കെതിരെ  രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പ്രശാന്ത് കിഷോർ രംഗത്തെത്തി. ദില്ലി കേന്ദ്രീകരിച്ച് സമരം ശക്തമാക്കാൻ ആർജെഡി നീക്കം തുടങ്ങി. അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ ബീഹാറിൽ പ്രക്ഷോഭം തുടരുമെന്ന് ആർജെഡി ദേശീയ വക്താവ് മൃത്യുഞ്ജയ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രക്ഷോഭം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ബിജെപി തൊഴിൽ ഇല്ലാത്ത യുവാക്കളെ അപമാനിക്കുകയാണ്. സമാധാനപരമായ സമരത്തിലേക്ക് ഉദ്യോഗാർത്ഥികൾ മാറണമെന്നാണ് ആദ്യർത്ഥനയെന്നും മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here