കാമുകിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുങ്ങിയ കാമുകനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

0

ബംഗ്ലൂരു: കാമുകിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുങ്ങിയ കാമുകനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അവിഹിത ബന്ധമുണ്ടായിരുന്ന ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ 25 കാരനായ അന്‍മോല്‍ എന്ന യുവാവിനെയാണ് പോലീസ് തിരയുന്നത്. 22 കാരിയായ ദീപ പദന്‍ ആണ് മരിച്ചത്.

സംഭവം ഇങ്ങനെ:
അന്‍മോലിന്റെ ഭാര്യ ദീനമതി എന്ന ദിപാലിയുടെ ബാല്യകാല സുഹൃത്താണ് ദീപ. ഇരുവരും വിവിധ സ്റ്റോറുകളിലാണ് ജോലി ചെയ്തിരുന്നതെങ്കിലും എച് എ എലിന് സമീപമാണ് താമസിച്ചിരുന്നത്. ഇതിനിടെ ദീപ ഗുജറാതില്‍ ജോലി ചെയ്യുന്ന ദിപാലിയുടെ ഭര്‍ത്താവ് അന്‍മോലുമായി പ്രണയത്തിലായി. മൂന്നുപേരും ഒഡിഷ സ്വദേശികളാണ്. ഇരുവരുടേയും ബന്ധം സുഗമമായി മുന്നോട്ടുപോകുന്നതിനിടെ കഴിഞ്ഞ മാസം ദീപയെ അന്‍മോല്‍ മറ്റൊരാള്‍ക്കൊപ്പം കാണാനിടയായി. ഇതോടെ ദീപയോട് അന്‍മോലിന് ദേഷ്യമായി. ബന്ധം തുടരുന്നതില്‍ നിന്നും പിന്‍തിരിയണമെന്ന് അന്‍മോല്‍ ദീപയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവന്റെ മുന്നറിയിപ്പുകള്‍ ദീപ അവഗണിച്ചു. ഇതോടെ ദീപയെ കൊലപ്പെടുത്താന്‍ അന്‍മോല്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജൂണ്‍ ഒമ്പതിന് വൈകുന്നേരം യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലേക്ക് അന്‍മോല്‍ ദീപയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഭക്ഷണം കൊണ്ടുവരികയും രാത്രി ഒമ്പതുമണിയോടെ ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് അന്‍മോല്‍ അവളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. ലോഡ്ജ് പൂട്ടി പുറത്തിറങ്ങുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ നേരം മുറിയില്‍ ചെലവഴിക്കുകയും ചെയ്തു. ജൂണ്‍ 10ന് പുലര്‍ചെ അഞ്ച് മണിയോടെയാണ് അന്‍മോല്‍ ബാറില്‍ പോയി മദ്യപിച്ച് വീട്ടിലേക്ക് പോയത്. തുടര്‍ന്ന് ദീപയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും അവളുമായുള്ള ബന്ധത്തെക്കുറിച്ചും അവള്‍ മറ്റൊരു പുരുഷനുമായി അടുക്കുന്നതിലുള്ള എതിര്‍പുകളെക്കുറിച്ചും അയാള്‍ ഭാര്യയോട് തുറന്നുപറഞ്ഞു.

ദീപയെ ശ്വാസം മുട്ടിച്ചപ്പോള്‍ മദ്യപിച്ചിരുന്നതിനാല്‍ മരിച്ചോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അയാള്‍ ദീപാലിയോട് പറഞ്ഞു. തുടര്‍ന്ന് ലോഡ്ജിലെത്തി ദീപ ജീവിച്ചിരിപ്പുണ്ടോയെന്ന് അന്വേഷിക്കണമെന്നും മരിച്ചുപോയെങ്കില്‍ ലോഡ്ജ് ജീവനക്കാരെ കുറ്റപ്പെടുത്തണമെന്നും ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ദിപാലി ലോഡ്ജിലെത്തി. ഇതിനിടെ അന്‍മോല്‍ തന്റെ ബാഗുകള്‍ പാക് ചെയ്ത് സ്ഥലം വിട്ടു. ലോഡ്ജിലെത്തിയ ദിപാലി റൂം നമ്പര്‍ 205-ല്‍ താമസിക്കുന്ന തന്റെ സുഹൃത്തിനെ കാണാന്‍ വന്നതാണെന്ന് മാനേജരോട് പറഞ്ഞു. റിസപ്ഷനിസ്റ്റ് അവളുടെ കൂടെ ഒരു സഹായിയെ അയച്ചു.

വാതിലില്‍ മുട്ടിയപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അകത്ത് കടന്ന ദിപാലി കാണുന്നത് വായില്‍ നിന്ന് ചോരയൊലിച്ച് മരിച്ച നിലയില്‍ കാണപ്പെട്ട ദീപയെ ആണ്. ഭര്‍ത്താവാണ് കൊലപ്പെടുത്തിയതെന്ന് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവച്ച് ലോഡ്ജ് ജീവനക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് ദീപാലി കുറ്റപ്പെടുത്തി. തുടര്‍ന്ന് ജീവനക്കാര്‍ കൊലപാതക വിവരം യശ്വന്ത്പൂര്‍ പൊലീസിനെ അറിയിച്ചു. തന്റെ സുഹൃത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ജീവനക്കാര്‍ക്ക് ആണെന്ന് ദീപാലി ആദ്യം ആരോപിച്ചിരുന്നുവെങ്കിലും, ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി അവള്‍ സത്യം പറഞ്ഞു.

പൊലീസ് ദീപാലിയെ കൊണ്ട് ഭര്‍ത്താവിനെ വിളിപ്പിച്ചെങ്കിലും ഫോണ്‍ സ്വിച് ഓഫ് ചെയ്തനിലയിലായിരുന്നു. ‘ഞാന്‍ ദീപയെ കൊന്നു’ എന്ന വാട്സ് ആപ് സ്റ്റാറ്റസ് ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ലോഡ്ജ് ഉടമ അബ്ദുര്‍ റശീദ് ആണ് കൊലപാതകം സംബന്ധിച്ച് പരാതി നല്‍കിയത്. അന്‍മോലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here