വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

0

തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമത്തിനാണ് കേസെടുത്തത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ ആരോപിച്ചു.

വിമാനത്തിൽ പ്രതിഷേധം ഉണ്ടായതിനുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിൽനിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്നാണ്. വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാനും ആദ്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി ഇറങ്ങിയശേഷമാണ് പ്രതിഷേധം ഉണ്ടായത് എന്നാണ്. പിന്നീട് ഇവർ മാറ്റി പറഞ്ഞു. ഇത് ഗൂഢാലോചനയുടെ ഭാഗമായാണ്. ഇതിനുശേഷമാണ് വധശ്രമത്തിന് കേസെടുത്തതെന്നും സതീശൻ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസുകാർ രണ്ട് തവണ മുദ്രാവാക്യം മുഴക്കി. എന്നാൽ വിമാനത്തിൽ ഉന്തിയിടാം. കേസ് എടുത്തിട്ടില്ല. വിമാനത്തിലെ പ്രതിഷേധത്തിൽ കണ്ണൂരുകാരനായ മാനേജരാണ് റിപ്പോർട്ട് നൽകിയത്. ഇത് വ്യാജമാണ്. അതുകൊണ്ടാണല്ലോ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണത്തിന് ഉത്തവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പൊലീസ് നടപ്പാക്കുന്നത് ഇരട്ട നീതിയാണ്. കോൺഗ്രസ് ഓഫീസുകൾ തകർത്തവർക്കെതിരെ കേസില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ തമിഴ്‌നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുകയാണ്. തിരുവനന്തപുരത്ത് കയറ്റില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. എറണാകുളത്ത് കാല് കുത്തിക്കില്ലെന്ന് സിപിഎം പറയുന്നു. കേരളത്തിലൂടെ വഴിനടക്കാൻ അനുവദിക്കില്ലെന്ന് സിപിഎം എംഎൽഎ ഭീഷണിപ്പെടുത്തുന്നു. പരസ്യമായ വധഭീഷണിയാണ് നടക്കുന്നത്. ഇവർ ആരെയാണ് ഭയപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവിനെ ഭീഷണിപ്പെടുത്തുന്നത് മുൻപ് കേട്ടിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു.

പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന സമരം കൂടുതൽ ശക്തമായി മുന്നോട് കൊണ്ടുപോകും. എല്ലാ ഘടക കക്ഷികളും ചേർന്ന് സമരം നയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here