ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു

0

തെലങ്കാന: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. വെടിവെപ്പിൽ 15 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജ്യത്തൊട്ടാകെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പല ഇടങ്ങളിലെയും സംഘർഷം പൊലീസിന് നിയന്ത്രിക്കാനായില്ല.

അതിനിടെ അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറിൽ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങൾ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും’- ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു

സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെിരെ ഉത്തരേന്ത്യയിൽ ആരംഭിച്ച പ്രക്ഷോഭം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. ബിഹാറിലും യു.പിയിലും തെലങ്കാനയിലും ഇന്ന് പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയുടെ വീട് സമരക്കാർ ആക്രമിച്ചു. പദ്ധതി പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാർ തീരുമാനം.

പ്രതിഷേധക്കാർ ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് തീയിട്ടു. ബിഹാറിലെ സമസ്തിപൂരിലും, ലക്കിസരായിയിലുമാണ് നിർത്തിയിട്ട ട്രെയിനുകൾക്ക് തീയിട്ടത്. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരേയും ആക്രമണമുണ്ടായി.
ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഹരിയാനയിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. അക്രമത്തെ തുടർന്ന് ഹരിയാനയിലെ പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛ‍േദിച്ചിരിക്കുകയാണ്. മധ്യപ്രദേശിലും സമാനമായ രീതിയിൽ പ്രതിഷേധം നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകൾക്ക് നേരെ അക്രമം ഉണ്ടായതിനാൽ വിവിധയിടങ്ങളിൽ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

Lപ്രതിഷേധം വ്യാപകമായതോടെ പ്രായപരിധി 21ൽ നിന്ന് 23 ആയി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. ഈ വർഷത്തെ നിയമനത്തിന് മാത്രമാണ് പുതിയ ഇളവ് ബാധകമാവുക. പ്രതിപക്ഷ സംഘടനകളും പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. പദ്ധതിയിലൂടെ യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നാണ് വിശദീകരണം. ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറിന്റെ പേരിൽ സാധാരണ റിക്രൂട്ട് മെന്റ് നിർത്തിവെക്കരുത് എന്നൊരു വാദം എൻഡിഎക്കുള്ളിലും ഉയർന്നിട്ടുണ്ട്. പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ വിമർശനം. രാജ്യത്തിന് വേണ്ടത് എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here