കെഎസ്ആർടിസിയുടെ നെടുമ്പാശ്ശേരി സ്പെഷൽ സർവീസ് തുടങ്ങിയില്ല; ഹജ് തീർത്ഥാടകർ ആശങ്കയിൽ

0

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രം നഷ്ടപ്പെട്ടതിനു പിന്നാലെ ഏർപ്പെടുത്തിയ ബദൽ സംവിധാനമായ നെടുമ്പാശ്ശേരി സ്പെഷൽ കെഎസ്ആർടിസി സർവീസ് ഇത്തവണ തുടങ്ങിയില്ല. ഹജ് ക്യാംപ് ആരംഭിച്ചിട്ടും ജില്ലയിൽ നിന്നുള്ള തീർഥാടകർ നെടുമ്പാശേരിയിലെത്താൻ സ്വന്തം സംവിധാനങ്ങൾ ഉപയോഗിക്കേണ്ട സ്ഥിതി. അതേസമയം ഇക്കാര്യമുന്നയിച്ച് ആരും സമീപിച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്.

മലപ്പുറം, കോഴിക്കോട് ഡിപ്പോകളിൽ നിന്ന് നെടുമ്പാശ്ശേരിയിലെ ഹജ് ക്യാംപിലേക്ക് നേരിട്ട് തീർഥാടകർക്ക് എത്താവുന്ന സൗകര്യമാണ് നേരത്തെ ഏർപ്പെടുത്തിയിരുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നാണ് ക്യാംപ് എന്നതിനാൽ അവിടെ വരെ ബസ് എത്തുന്നത് മലബാറിലെ നൂറുകണക്കിന് തീർഥാടകർക്ക് ഏറെ പ്രയോജനകരമായിരുന്നു. നാളെ മുതൽ ഹജ് വിമാനങ്ങൾ പുറപ്പെട്ടു തുടങ്ങുമ്പോൾ ഇത്തവണത്തെ തീർഥാടകർക്ക് ക്യാംപിലെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

സ്വന്തം വാഹനങ്ങളില്ലാത്തവർ ടാക്സികളെ ആശ്രയിക്കേണ്ടി വരുമ്പോൾ ചെലവേറും. സ്പെഷൽ സർവീസ് പുനഃരാരംഭിക്കണമെന്ന് ചില സംഘടനകളും കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഹജ് കമ്മിറ്റിയും ജനപ്രതിനിധികളും മുൻകയ്യെടുത്താണ് കഴിഞ്ഞ തവണ സ്പെഷൽ സർവീസ് ആരംഭിച്ചത്. എന്നാൽ ഇത്തവണ ഇതു സംബന്ധിച്ച് ആരും കത്തു നൽകിയിട്ടില്ലെന്ന് മലപ്പുറം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ വി.എം.എ.നാസർ മനോരമയോട് പറഞ്ഞു. കത്തു ലഭിച്ചാൽ വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിമാന യാത്രക്കാരുടെ സൗകര്യാർഥം മലപ്പുറം ഡിപ്പോയിൽ നിന്നടക്കം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസുകളിൽ പലതും നിലച്ചതും തിരിച്ചടിയായി. മലപ്പുറം ഡിപ്പോയിൽ നിന്ന് നേരത്തെ പല സമയത്തായി സർവീസുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരെണ്ണം മാത്രമാണുള്ളത്. നേരത്തെ സർവീസിനായി ഉപയോഗിച്ചിരുന്ന മറ്റ് എസി ലോ ഫ്ലോർ ബസുകൾ ചിൽ ബസ് ഏർപ്പെടുത്തുന്നതിനായി മാറ്റുകയും പിന്നീട് സർവീസ് തന്നെ നിലയ്ക്കുകയും ചെയ്തു. ഗൾഫ് യാത്രക്കാരടക്കമുള്ളവർ മുൻകൂട്ടി ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സർവീസുകളാണ് നിലച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here