കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

0

കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങൾക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. വകുപ്പ് മന്ത്രി തന്നെ ആരോപണ വിധേയനായപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസ് സ്വയം ഏറ്റെടുത്തു. മധ്യസ്ഥതയ്ക്ക് ആളെ വിട്ടും കള്ളമൊഴി നൽകിയും വിജിലൻസ് മേധാവി മുതൽ ഗൺമാൻ വരെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഓടിനടക്കുകയാണ്. കറൻസി കടത്തലിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ ഗുരുതരവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പൊലീസ് മൃഗീയമായ നരനായാട്ട് നടത്തുകയാണെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരുടെ തലക്കും കണ്ണിനും നേരെയാണ് പൊലീസ് ലാത്തി പ്രയോഗിക്കുന്നത്. ഇതും പോരാഞ്ഞ് പ്രതിഷേധക്കാരെ മർദ്ദിക്കാൻ സിപിഎം ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ്. പൊലീസിന്റെ സാന്നിധ്യത്തിലാണ് മർദ്ദനം. ഇവരെ കസ്റ്റഡിയിലെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ല. പകരം പൊലീസ് ഈ കാഴ്ച നോക്കിനിന്ന് രസിക്കുകയാണ്. പൊലീസിന്റെ ഇത്തരം സമീപനം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ക്രമസമാധാനം തകർത്ത് അഴിഞ്ഞാടുന്ന സിപിഎം ഗുണ്ടകൾക്ക് വീണ്ടും സംരക്ഷണം ഒരുക്കാനാണ് പൊലീസിന്റെ നീക്കമെങ്കിൽ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. എകെജി സെന്ററിന്റെയും സിപിഎം നേതാക്കളുടെയും ആജ്ഞകൾ നടപ്പാക്കൻ ഇറങ്ങുന്ന പൊലീസുകാർ അധികാരവും ഭരണവും മാറിവരുമെന്ന കാര്യം വിസ്മരിക്കരുത്. നിഷ്പക്ഷമായി പ്രവർത്തിക്കാൻ പൊലീസ് തയ്യാറാകണം. പക്ഷം പിടിച്ച് സിപിഎം ഗുണ്ടകൾക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന്റെ ഉദ്ദേശമെങ്കിൽ അതേ നാണയത്തിൽ കോൺഗ്രസും മറുപടി നൽകാൻ നിർബന്ധിതരാകുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

കെപിസിസി ആസ്ഥാനം ആക്രമിച്ച് മുൻ മുഖ്യമന്ത്രി എകെ ആന്റണിയെ അപായപ്പെടുത്താൻ ശ്രമിച്ച സിപിഎം- ഡിവൈഎഫ്‌ െഎ ക്രിമിനലുകളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്നത് നാണക്കേടാണ്. അതിനെതിരെ കോഴിക്കോട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകരെ മർദ്ദിക്കാൻ സി പി എമ്മുകാർക്ക് പൊലീസ് അവസരമൊരുക്കി. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ ഡി.സി.സി.പ്രസിഡന്റ് പ്രവീൺകുമാറിനെതിരേ അദ്ദേഹത്തിന്റെ ജീവൻപോലും അപായപ്പെടുത്തുന്ന വിധം ഗുരുതരമായ ആക്രമണമാണ് പൊലീസ് നടത്തിയത്.

കണ്ണൂരിൽ മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ് യു നേതാവിനെ സിപിഎം ഗുണ്ടകൾക്ക് മർദ്ദിക്കാൻ പിടിച്ച് വെച്ചുകൊടുത്തതും പൊലീസാണ്.ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യുവിനെ ആക്രമിച്ച സി പി എമ്മുകാരെ സംരക്ഷിക്കാൻ പൊലീസ് കള്ളക്കളി നടത്തി അവരെ സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തു. സംസ്ഥാന വ്യാപകമായി 50ൽപ്പരം കോൺഗ്രസ് ഓഫീസുകൾ സിപിഎം ക്രിമിനലുകൾ തല്ലിത്തകർത്തു. മൂന്നോളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ബോംബേറുണ്ടായി.പയ്യന്നൂരിൽ രാഷ്ട്രപിതാവിന്റെ തലയറുത്ത് മാറ്റി. പ്രതിപക്ഷ നേതാവിനെ വകവരുത്താൻ കന്റോൺമെന്റ് ഹൗസിലേക്ക് അതിക്രമിച്ച കടന്ന ഡിവൈഎഫ്‌ െഎ ക്രിമിനലുകൾക്കെതിരെയോ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ െഎ നേതാക്കൾക്കെതിരെയോ ഒരു നടപടിയുമില്ല. സിപിഎം ഗുണ്ടകൾ നടത്തുന്ന അക്രമത്തെ തടയാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത പൊലീസ് നിലപാട് നിയമവാഴ്ചയെ കൊഞ്ഞണം കുത്തുന്നതിന് തുല്യമാണെന്നും സുധാകരൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here