ഐ എസ് എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നത്

0

കൊച്ചി: ഐ എസ് എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നത്. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാനെ നേരിടും. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്ന മത്സരങ്ങളാണ് ഹോം- എവേ രീതിയിലാവുന്നത്. 
ഇതിനിടെ ഒരുക്കങ്ങള്‍ ഗംഭീരമാക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. പുതിയ സീസണിലേക്ക് ആദ്യ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രെയ്‌സ് മിറാന്‍ഡയുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 2026 വരെയാണ് കരാര്‍. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലെ അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും കൊച്ചിയിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ബ്രെയ്‌സ് മിറാന്‍ഡ പറഞ്ഞു.
അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപ്പില്‍ നടക്കുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് സൂചന നല്‍കിയിരുന്നു. കൊച്ചി സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. അന്ന് എടികെ മോഹന്‍ ബഗാന്‍ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങള്‍ നടത്തിയത്. ലീഗ് വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
അടുത്ത സീസണ്‍ മുതല്‍ വേറെയും ഒട്ടേറെ പുതുമകള്‍ ലീഗിനുണ്ടാകും. നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. 2014ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here