ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരർ ബാങ്ക് മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ

0

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരർ ബാങ്ക് മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാരായ വ്യക്തികളെ ഭീകരർ പ്രത്യേകം ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിലാണ് ഈ പ്രത്യേക കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. കൂടിക്കാഴ്ച ഇതിനകം ഒരു മണിക്കൂർ പിന്നിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസം മുൻപ് അധ്യാപികയെ സ്കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നു കുൽഗാമിൽ ഭീകരർ മറ്റൊരു സാധാരണക്കാരനു നേർക്ക് കാഞ്ചി വലിച്ചത്. രാജസ്ഥാൻ സാദേശിയായ ബാങ്ക് മാനേജർ വിജയകുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ മോഹൻപോറയിൽ ഇഡി ബാങ്കിൽ കയറിയാണ് ഭീകരൻ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാർ ജോലിക്ക് പ്രവേശിപിച്ചത്.

മൂന്നു ദിവസത്തിനിടെ രണ്ടാമത്തെയും ഒരു മാസത്തിനിടെ അ‍ഞ്ചാമത്തെയും സിവിലിയൻ കൊലപാതകമാണിത്. സ്കൂൾ അധ്യാപികയായ രജനി ബാലയ്ക്ക് പുറമെ ബദ്ഗാമിൽ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട്, ടിവി താരം അമ്രീന്‍ ഭട്ട്, രഞ്ജിത് സിങ്‌ എന്നിവരാണ് ഒരു മാസത്തിനിടെ കൊല്ലപ്പെട്ട മറ്റുള്ളവർ.

സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള അക്രമണം തുടർക്കഥയാകുന്നതോടെ പുറത്തുനിന്നു വന്ന് കശ്മീരിൽ താമസിക്കുന്നവർ കനത്ത ഭീതിയിലാണ്. ആക്രമണത്തിൽ പ്രതിഷേധവും ശക്തമാണ്. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കശ്മീർ താഴ്‌വരയിൽ പോസ്റ്റ് ചെയ്യപ്പട്ടിരിക്കുന്ന പുറത്തുനിന്നുള്ള സർക്കാർ ജീവനക്കാർക്കു സ്വന്തം നാടുകളിലേക്കു സ്ഥലം മാറ്റം നൽകണമെന്നും ആവശ്യപ്പെട്ട് ജമ്മുവിൽ നാട്ടുകാർ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതിനിടെയാണ് അജിത് ഡോവലുമായി അമിത് ഷായുടെ കൂടിക്കാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here