ഒടുവിൽ കെ സ്വിഫ്റ്റിന് ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക്

0

തിരുവനന്തപുരം: ഒടുവിൽ കെ സ്വിഫ്റ്റിന് ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന, വോൾവോ ബസുകളിൽ പരിശീലനം നേടിയ ഡ്രൈവർമാരിൽ കെ സ്വിഫ്റ്റിലേക്ക് വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കാൻ മാനേജ്മെനറ് തീരുമാനിച്ചു. നിലവിൽ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവർ കം കണ്ടക്ടർമാർക്ക് വേണ്ടത്ര പരിചയസമ്പത്തില്ലെന്ന തിരിച്ചറിവിലാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം. ഇതിനായി ഡ്രൈവർമാരിൽ നിന്നും കെഎസ്ആർടിസി താത്പര്യപത്രം ക്ഷണിച്ചു.

ഒരു സ്വിഫ്റ്റ് ബസിൽ ഡ്രൈവർ, കണ്ടക്ടർ ജോലികൾ ചെയ്യുന്ന (ഡ്രൈവർ കം കണ്ടക്ടർ) ഒരു കെഎസ്ആർടിസി ജീവനക്കാരൻ എന്നിങ്ങനെ നിയമിക്കാനാണ് തീരുമാനം. നിലവിൽ കരാർ അടിസ്ഥാനത്തിൽ കെ സ്വിഫ്റ്റ് നിയമിച്ച രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെയാണ് ഒരോ ബസിലും നിയോഗിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയിൽ ജോലി ചെയ്തുവരുന്നതും വോൾവോ ബസുകളിൽ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവർമാരെ കെ-സ്വിഫ്റ്റ് ബസുകളിൽ നിയമിക്കുന്നതിന് കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർ കെ-സ്വിഫ്റ്റിലെ സേവനവ്യവസ്ഥകൾ പാലിക്കാൻ തയ്യാറാണെന്നുള്ള സമ്മതപത്രം നൽകണം. താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂൺ 10-നുമുമ്പ് ചീഫ് ഓഫീസിൽ ലഭ്യമാക്കണമെന്നാണ് നിർദേശം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കെ സ്വിഫ്റ്റ് യൂണിഫോം ധരിക്കേണ്ടിവരും. ഇത് കോർപ്പറേഷൻ നൽകും. കെഎസ്ആർടിസിയിലെ വേതന വ്യവസ്ഥയായിരിക്കും. കെ സ്വിഫ്റ്റ് ബസ്സുകൾ അടിക്കടി അപകടത്തിൽപ്പെടുന്നതുകൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാരെക്കൂടി നിയോഗിക്കാൻ തീരുമാനിച്ചതെന്ന് യൂണിയനുകൾ പറയുന്നു. നേരത്തേ തന്നെ ഒരുവിഭാഗം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നതാണ്.

കോഴിക്കോട് ബസ് ടെർമിനലിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങിയപ്പോൾ പുറത്തെടുത്തത് കെഎസ്ആർടിസി ഡ്രൈവറായിരുന്നു. എന്നാൽ കെ സ്വിഫ്റ്റിലെ സേവനവ്യവസ്ഥ സ്വീകരിച്ച സമ്മതപത്രം നൽകാൻ എത്രപേർ തയ്യാറാകും എന്ന് കണ്ടറിയണം. അധികജോലിക്ക് കെ സ്വിഫ്റ്റിലെ വേതനവ്യവസ്ഥയാകും ബാധകമെന്നതും ജീവനക്കാരുടെ താത്പര്യം കുറയ്ക്കും. എന്നാൽ കെ സ്വിഫ്റ്റ് ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കിട്ടുമെന്ന നേട്ടമുണ്ട്.
കെഎസ്ആർടിസിയിൽ തുടർച്ചയായ മാസങ്ങളിൽ ശമ്പളം വൈകിയാണ് നൽകുന്നത്. ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുമെന്നതിനാൽ ഒരുവിഭാഗം ഡ്രൈവർമാരെങ്കിലും കെ സ്വിഫ്റ്റിലേക്ക് മാറാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കെ സ്വിഫ്റ്റിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ദീർഘദൂര വോൾ‌വോ ബസുകൾ ഓടിച്ച് പരിചയമില്ലെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കെ സ്വിഫ്റ്റ് പരിശീലനം നൽകിയതുമില്ല. ഇതിന്റെ ഫലമായി കെ സ്വിഫ്റ്റ് ബസുകൾ നിരന്തരം അപകടത്തിൽ പെടുകയായിരുന്നു. ഒരു മാസത്തിനിടെ കെ സ്വിഫ്റ്റിന്റെ 110 ബസുകളിൽ 30 എണ്ണമാണ് അപകടത്തിൽ പെട്ട് വർക്ക്ഷോപ്പിലായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഡിപ്പോയിൽ കെ സ്വിഫ്റ്റ് ബസ് തൂണിൽ കുടുങ്ങിയിരുന്നു. ​ഗ്ലാസ് പോലും പൊട്ടാതെ കെഎസ്ആർടിസി ഡ്രൈവറാണ് ബസിനെ പിന്നീട് പുറത്തെടുത്തത്. അശാസ്ത്രീയമായി നിർമിച്ച ടെർമിനൽ കോംപ്ലക്സിലെ തൂണുകൾക്കിടയിൽ ബസ് പാർക്ക് ചെയ്യാൻ വിദഗ്ധ ഡ്രൈവർ‌മാർ‌ക്കേ കഴിയൂ. കെഎസ്ആർടിസിയിലെ പരമ്പരാഗത ഡ്രൈവർമാർ പരിചയസമ്പന്നരായതിനാൽ കാര്യമായ പ്രശ്നമുണ്ടാകാറില്ല. സാധാരണ ബസുകൾ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവർ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്സ് വണ്ടികൾ ഓടിക്കാറുള്ളത്.
എന്നാൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റിലെ ഡീലക്സ് വാഹനങ്ങൾ ഓടിക്കാൻ പരിചയസമ്പന്നരല്ലാത്ത താൽക്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നതാണു പ്രശ്നമെന്നു ജീവനക്കാരും പറയുന്നു. കെഎസ്ആർടിസിയുടെ എസി സ്കാനിയ, വോൾ‍വോ ബസുകളും കർണാടക ആർടിസിയുടെ ഐരാവത് അടക്കമുള്ള ബസുകളും ഇതുവരെ തൂണുകൾക്കിടയിൽ കുരുങ്ങുകയോ അപകടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയിലെ പരിചയ സമ്പന്നരായ ഡ്രൈവർമാരെ കെ സ്വിഫ്റ്റിലേക്ക് നിയമിക്കാൻ കെഎസ്ആർടിസി എംഡി തീരുമാനം എടുത്തത്. അതേസമയം, പുതിയ തീരുമാനത്തോട് ജീവനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here