തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ പ്രചരിച്ച അശ്ലീല വീഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ പ്രചരിച്ച അശ്ലീല വീഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു. വീഡിയോയിലുള്ള പുരുഷനെയും സ്ത്രീയെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത ഫോണ്‍ സര്‍വീസ് ചെയ്യാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ ചോര്‍ന്നതാവാമെന്നാണ് കരുതുന്നത്. വീഡിയോയുടെ ഉറവിടം വിദേശത്താണെന്ന സൂചനയുണ്ട്.

മലപ്പുറം സ്വദേശി അബ്ദുള്‍ ലത്തീഫ്, ചേര്‍ത്തല അരക്കുറ്റി സ്വദേശികളായ നൗഫല്‍, ഇഎം നസീര്‍ എന്നിവരെയാണ് വീഡിയോ പ്രചരിപ്പിച്ചതില്‍ ഇതുവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ സുഹൃത്തില്‍ നിന്നാണ് വീഡിയോ ലഭിച്ചതെന്നാണ് ഒഐസിസി പ്രവര്‍ത്തകനായ എം നസീര്‍ പൊലീസിനോട് പറഞ്ഞത്.

നസീര്‍ സുഹൃത്തായ നൗഫലിന് വീഡിയോ അയച്ചു. ‘നൗഫല്‍ യുഡിഎഫ് പൊളിമാര്‍ക്കറ്റ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വീഡിയോ അയച്ചു. ഈ ഗ്രൂപ്പിലെ അംഗമായ അബ്ദുള്‍ ലത്തീഫ് വ്യാജ ഐഡി വഴി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ‘ഗീത തോമസ്’ എന്ന പേരിലുള്ള അബ്ദുള്‍ ലത്തീഫിന്റെ വ്യാജ ഐഡി വഴിയാണ് വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കു വെച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത അബ്ദുള്‍ ലത്തീഫിനെ പൊലീസ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ് അബ്ദുള്‍ ലത്തീഫ്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും മുസ്ലിം ലീഗ് നേതൃത്വം ഇത് നിഷേധിക്കുകയാണുണ്ടായത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടി അവസാന നിമിഷം സിപിഐഎം ഇറക്കിയ നാടകമാണിതെന്നാണ് ലീഗ് ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here