കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

0

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. ജസീറ എയർലൈൻസ് വിമാനത്തിൽ കുവൈത്തിൽനിന്നെത്തിയ ചെർപ്പുളശ്ശേരി സ്വദേശി ഷറഫുദീൻ, ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിയിൽനിന്നെത്തിയ പൊന്നാനി നരിപറമ്പ് സ്വദേശി കുഞ്ഞിപ്പ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ ഷിഹാബുദീൻ എന്നിവരിൽനിന്നാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്.

ഷറഫുദീനും ഷിഹാബുദീനും അരക്കിലോ വീതവും കുഞ്ഞിപ്പ ഒരു കിലോയുമാണ് സ്വർണം കൊണ്ടുവന്നത്. ഷറഫുദീനും കുഞ്ഞിപ്പയും സ്വർണ മിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. ഷിഹാബുദീൻ ആഭരണങ്ങളാണ് കടത്തിക്കൊണ്ടുവന്നത്.

ഷറഫുദീനെ പിടികൂടിയത് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ്. കുഞ്ഞിപ്പയെയും ഷിഹാബുദീനെയും പിടികൂടിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം വിമാനത്താവളത്തിലെത്തി രണ്ടുപേരെ സ്വർണവുമായി പിടികൂടിയത്. പിടിയിലായ മൂന്നു പേരും മുമ്പ് സ്വർണം കടത്തിയിട്ടുണ്ടോ എന്നും ആർക്കുവേണ്ടിയാണ് ഇവർ സ്വർണം കടത്തിക്കൊണ്ടുവന്നത് എന്നും അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here