നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ ദിലീപ് കോടതിയിൽ

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ ദിലീപ് കോടതിയിൽ. കേസിൽ എട്ടാം പ്രതിയായ നടന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നത് കളവാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.

‘വിധിയെഴുതി വെച്ചുകഴിഞ്ഞു.! ഇപ്പോൾ നടക്കുന്നത് വെറും നാടകം’

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണാകോടതിക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇപ്പോൾ നടക്കുന്നത് നാടകമാണെന്ന് അവർ പറഞ്ഞു. കോടതികളിൽ ആദ്യമേ വിധിയെഴുതി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമേയുള്ളൂവെന്നും അവർ പ്രതികരിച്ചു.
ഹർജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് വലിയ അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. നീതി വളരെ വിദൂരതയിലാണെന്നും ഉന്നതനോടൊരു നീതി, സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതീജവിതക്ക് കാര്യമായ പണമോ പ്രശസ്തിയോ ഇല്ലാത്തതിനാണ് ഈ വേർതിരിവ്. എല്ലാവരും അവൾക്ക് പിന്തുണയുമായി കൂടെയുണ്ട്. തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് കേസ് നീട്ടിക്കൊണ്ടുപോവുന്നതിൽ പേടിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

‘ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അവകാശം കോടതിയ്ക്കുണ്ട്; മെമ്മറി കാർഡ് കോടതി പരിശോധിച്ചെങ്കിൽ അതിൽ എന്താണ് തെറ്റ്’?
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരേ രൂക്ഷ വിമർശനമുന്നയിച്ച് നടൻ ദിലീപ് കോടതിയിൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ തുടരന്വേഷണത്തിന് ഒരുദിവസംപോലും സമയം നീട്ടി നൽകരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ദിലീപ് എതിർപ്പറിയിച്ചത്.

മെമ്മറി കാർഡ് കോടതി പരിശോധിച്ചെങ്കിൽ അതിൽ എന്താണ് തെറ്റെന്നും ദിലീപ് ചോദിച്ചു. കേസിന്റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗത്തിന് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
മെമ്മറി കാർഡിൽ പരിശോധന നടത്തേണ്ട ഒരുകാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ചിന് എന്ത് അധികാരമാണുള്ളതെന്നും പ്രതിഭാഗം ചോദിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അതിപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
അതേസമയം കോടതിയെ അപമാനപ്പെടുത്താനുള്ള യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ചില വസ്തുതകൾ ചൂണ്ടിക്കാണിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തെയും നടൻ എതിർത്തു. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാൽ ഫൊറൻസിക് പരിശോധനയുടെ പേരിൽ ഇനി സമയം നീട്ടിനൽകരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന അതിജീവിതയുടെ പരാതി; ഹർജി ഈ മാസം പത്തിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പത്തിലേക്ക് മാറ്റി. തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന ആവശ്യം കോടതി നിരസിച്ചു. മുൻപ് താൻ തീരുമാനമെടുത്ത കേസിൽ നിന്ന് പിന്മാറാൻ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ജസ്റ്റിസ് സ്വീകരിച്ചത്. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച വിശദമായ വാദം കേൾക്കും.
അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന ആവശ്യമാണ് പ്രതി ദിലീപ് മുന്നോട്ടുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട ദിലീപ് ഫോണുകൾ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങൾ മുഴുവൻ മുംബൈയിലെ ലാബിൽ നിന്ന് ലഭിച്ചതാണെന്നും ദിലീപ് പറയുന്നു.
ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറൻസിക് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർനടപടികളുണ്ടാകും.
എന്നാൽ അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി.
ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന വാദം തെറ്റെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് കോടതിയിൽ. ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന വാദം തെറ്റാണെന്നും നടൻ കോടതിയിൽ അറിയിച്ചു. പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇനി ഫോൺ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി. അതേസമയം ഹർജി ജ. കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ ഇത് ഹൈക്കോടതി നിരസിച്ചു. കേസിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് ജ. കൗസർ എടപ്പഗത്ത് അറിയിച്ചു.
അതിജീവിതക്കൊപ്പമെന്ന് സർക്കാർ
നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തിൽ അനുകൂല നിലപാട് ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിജീവിത നൽകിയ ഹർജിയിൽ നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറൻസിക് സയൻസ് ലാബിലെ റിപ്പോർട്ടും സർക്കാർ കോടതിയെ അറിയിച്ചു. 2018 ൽ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാർഡിന്റെ ഹാർഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 2018 ജനുവരി 09, ഡിസംബർ 13 നുമാണ് മെമ്മറി കാർഡുകൾ തുറന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്.
ഹർജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സർക്കാർ മറുപടിയിൽ പറയുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ആവർത്തിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ കൂടുതൽ സാവകാശം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അന്വേഷണസംഘത്തിന് മേൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നത് തെളിയിക്കാൻ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറൻസിക് ലാബിൽ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ. അനൂപിൻറെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. ഇതിനിടെ കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിൻറെ കൈവശമുണ്ടെന്ന് തെളിയിക്കാനാണ് ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.
ദിലീപിൻറെ അനിയൻ അനൂപിൻറെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. നടിയെ ബലാത്സംഗ് ചെയ്യുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീനായി രേഖപ്പെടുത്തിയ വിവരണം ഫോണിലുണ്ടായിരുന്നു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ആകില്ല.
അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു മൊഴി. ഇത് വ്യാജമെന്ന് തെളിയിക്കാൻ ഫൊറൻസിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേർത്ത് വച്ച് പരിശോധിക്കണമെന്ന നിലപാടിയിലാണ് പ്രോസിക്യൂഷൻ. ഇതിനിടെ കേസിൽ അന്വേഷണം തുടരാൻ മൂന്നുമാസം സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സീൽഡ് കവറിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിചാരണ കോടതിയിലെ കേസ് വ്യഴാഴ്ചത്തേക്ക് മാറ്റി. ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇതിനൊപ്പം പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here