കന്നുകാലിയെ ചികിത്സിക്കാൻ എന്ന പേരിൽ വിളിച്ചുവരുത്തിയ മൃഗഡോക്ടറെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി

0

പാട്‌ന: കന്നുകാലിയെ ചികിത്സിക്കാൻ എന്ന പേരിൽ വിളിച്ചുവരുത്തിയ മൃഗഡോക്ടറെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബീഹാറിലെ ബെഗുസരായിൽ ഇന്നലെയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

സത്യം കുമാർ എന്ന ഡോക്ടറെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഹസൻപൂർ ഗ്രാമത്തിലെ വിജയ് സിംഗ് എന്നയാൾ സത്യം കുമാറിനെ കന്നുകാലിയെ ചികിത്സിക്കാനെന്ന പേരിൽ വിളിച്ചുവെന്നും പിന്നാലെ പോകുന്ന വഴി മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നും സത്യം കുമാറിന്റെ പിതാവ് സുബോദ് കുമാർ ഝാ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുബോദ് കുമാർ പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സത്യം കുമാറിനെ കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനും നടപടി ആരംഭിച്ചു. സത്യം കുമാർ ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടില്ലെന്നും പൊലീസ് പറഞ്ഞു. സത്യം കുമാർ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വരന്റെ വേഷത്തിൽ ഇരിക്കുന്നതും സമീപത്തായി വധുവിന്റെ വേഷമണിഞ്ഞ പെൺകുട്ടി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

1970കളിൽ ബീഹാറിലെ പ പ്രദേശങ്ങളിലായി ആരംഭിച്ച ഒരു ചടങ്ങാണ് ‘പക്കടുവാ വ്യാ’ അഥവാ നിർബന്ധിത വിവാഹം. സ്ത്രീധനം നൽകാൻ കഴിയാത്ത നിർധനരായ വീട്ടുകാർ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി തോക്കിൻ മുനയിൽ നിർത്തി മകളുമായി വിവാഹം കഴിപ്പിക്കുന്ന രീതിയാണിത്. വധുവിനെ ഭാര്യയായി അംഗീകരിക്കുന്നവരെ വരനെ വധുവിന്റെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്യും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ പലയിടങ്ങളിലും ചടങ്ങ് അവസാനിപ്പിച്ചെങ്കിലും ചില ഭാഗങ്ങളിൽ ഇന്നും ഇത് തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here