ശമ്പളമില്ലാത്ത ആശാ വർക്കർമാരിൽ നിന്ന് പണപ്പിരിവ് നടത്തി സിഐടിയു; ശബ്ദ സന്ദേശം പുറത്ത്

0

പത്തനംതിട്ട: ശമ്പളമില്ലാതെ ആശാ വർക്കർമാരിൽ നിന്നും സംഘടനാ സമ്മേളനത്തിനായി പണപ്പിരിവ് നടത്തി ആശാ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടന. ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്കായി പത്തനംതിട്ട ജില്ലയിലെ ആശാ പ്രവർത്തകർ 5000 രൂപ വീതം നൽകണമെന്ന് നിര്‍ദേശം. മേയ് മാസം 2000 രൂപയും ബാക്കി 3000 രൂപ പിരിച്ചോ അല്ലാതെയോ നല്‍കണമെന്നാണ് നിര്‍ദേശം. ആശാ വർക്കർമാരുടെ രണ്ടു മാസത്തെ ഓണറേറിയം കുടിശികയാണ്.

ആശാ വർക്കർമാരുടെ സിഐടിയു നയിക്കുന്ന സംഘടനയുടെ ജില്ലാ സമ്മേളനം ജൂലൈയിലാണ്. തുടർന്ന്, സംസ്ഥാന സമ്മേളനം നടക്കും. അതിനായി 5000 രൂപ നൽകണമെന്നാണ് നിര്‍ദേശം. ആദ്യ ഗഡുവായ 2000 രൂപ മേയ് 31ന് മുൻപ് പഞ്ചായത്ത് കൺവീനർമാരെ ഏൽപ്പിക്കണം. ബാക്കി തുക അടുത്ത മാസം പിരിച്ചോ അല്ലാതെയോ നൽകണം.

സംഘടനയുടെ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറിയാണ് തീരുമാനം ആശാ വർക്കന്മാരുടെ വാട്സാപ് ഗ്രൂപ്പില്‍ അറിയിച്ചത്. പിരിച്ചെടുക്കുന്ന തുക മല്ലപ്പള്ളി പാർട്ടി ഓഫിസില്‍ അടയ്ക്കണം. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ആശപ്രവർത്തകരുടെ ഗ്രൂപ്പില്‍ വന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.
‘5000 രൂപവീതമാണ് അടയ്ക്കേണ്ടത്. 2000 രൂപ ആദ്യം അടയ്ക്കണം. അതില്ലെങ്കിൽ 1000 രൂപ ആദ്യ ഗഡു അടയ്ക്കണം. പിന്നീട് വാർഡുകളിൽ കൂപ്പൺ നൽകി പിരിക്കാം. വാർഡുകളിൽ ഇറങ്ങി ജോലി ചെയ്യുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. നമ്മുടെ സംസ്ഥാന സമ്മേളനത്തിന് സഹായം വേണമെന്നു പറഞ്ഞാൽ തീർച്ചയായും ആളുകൾ സഹകരിക്കും. അതുവാങ്ങി കൊടുത്താൽ മതി. നമ്മുടെ കയ്യിൽനിന്ന് 5000 കൊടുക്കേണ്ട കാര്യമില്ല. പിരിച്ച് 5000 കൊടുത്താൽ മതി. നമ്മൾ കൊടുക്കാനുള്ള 2000 രൂപ നമ്മുടെ കയ്യിൽ തന്നെ ഇരിക്കുകയും ചെയ്യും’ എന്നാണ് ശബ്ദ സന്ദേശം.

കുന്നന്താനം പഞ്ചായത്തില്‍ ആദ്യ ഗഡുവായി 1000 രൂപ വീതം പിരിച്ചു. മറ്റുള്ളവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ടെന്നും ചോദിക്കുന്നു. 6000 രൂപയാണ് ആശാ വർക്കന്മാരുടെ ഒരു മാസത്തെ ഓണറേറിയം. അതുപോലും കൃത്യമായി കിട്ടാറില്ല. അതിനിടെയാണ് ആശ വർക്കർമാരെ പിഴിഞ്ഞ് സമ്മേളനം നടത്താനുള്ള പദ്ധതി. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here