വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ്‌ മെഹനാസിനെതിരേ ആരോപണങ്ങളുമായി അഭിഭാഷകന്‍ പി. റഫ്‌ത്താസ്‌

0

കോഴിക്കോട്‌: ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ്‌ മെഹനാസിനെതിരേ ആരോപണങ്ങളുമായി അഭിഭാഷകന്‍ പി. റഫ്‌ത്താസ്‌. മെഹനാസ്‌ വിവാഹത്തിന്‌ മുന്‍പും റിഫയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ്‌ അഭിഭാഷകന്‍ ആരോപിക്കുന്നത്‌. റിഫയുടെ കഴുത്തിലെ മുറിവിനെക്കുറിച്ച്‌ ദുബായിലെ ഫോറന്‍സിക്‌ റിപ്പോര്‍ട്ടിലുംപരാമര്‍ശമുണ്ടെന്നും റഫ്‌ത്താസ്‌ പറയുന്നു.
മെഹനാസ്‌ പറയുന്ന പല കാര്യങ്ങളും വിശ്വസനീയമല്ല. റിഫയുടെ മരണത്തിനു പിന്നാലെ മെഹനാസ്‌ ഫെയ്‌സ്‌ബുക്കില്‍ ലൈവ്‌ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. റിഫയുടെ സഹോദരനും ബന്ധുക്കളും അടക്കമുളളവര്‍ ദുബായില്‍തന്നെയാണ്‌ താമസിക്കുന്നത്‌. സംഭവദിവസം റിഫയുടെ സഹോദരനെ വിളിച്ചുപറഞ്ഞത്‌ മെഹനാസ്‌ ആണ്‌. മെഹനാസ്‌ പറഞ്ഞത്‌ റിഫ ഒരു പൊട്ടത്തരം ചെയ്‌തുവെന്നും ആശുപത്രിയിലാണ്‌ എന്നുമാണ്‌. വിവരം അറിഞ്ഞ്‌ സഹോദരന്‍ ചെല്ലുമ്പോള്‍ കാണുന്നത്‌ റിഫയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതാണ്‌. സംഭവം നടന്നതുമായി ബന്ധപ്പെട്ട്‌ മെഹനാസ്‌ പറയുന്ന സമയത്തിലും വ്യത്യാസമുള്ളതായി റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു.
റിഫയുടെ മരണം നടന്ന്‌ മൂന്നാമത്തെ ദിവസം പോയ മെഹനാസ്‌ പിന്നെ റിഫയുടെ ബന്ധുക്കളെ ബന്ധപ്പെട്ടില്ല. കുട്ടിയെ കാണാന്‍ പോലും മെഹനാസ്‌ വന്നിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷി മെഹനാസുമായിമുറി പങ്കിട്ടിരുന്ന സുഹൃത്താണ്‌. ഇയാളെക്കുറിച്ച്‌ ഇപ്പോള്‍ യാതൊരു വിവരവും ഇല്ല. വിവാഹത്തിന്‌ മുമ്പ്‌ മാളില്‍ വച്ച്‌ മെഹനാസ്‌ റിഫയുടെ മുഖത്തടിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന്‌ ആരോപിച്ചായിരുന്നു മര്‍ദ്ദനം. മറ്റൊരിക്കല്‍ ഇരുമ്പ്‌ വടി കൊണ്ട്‌ കാല്‍ അടിച്ച്‌ പൊട്ടിച്ചതായി റിഫയുടെ അച്‌ഛന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. റിഫയുടെ ഫോണ്‍ കാണാനില്ലെന്നും അത്‌ മെഹനാസിന്റെ കൈവശമാണെന്നും അഭിഭാഷകന്‍ പറയുന്നു.
റിഫയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. കഴുത്തിന്‌ ചുറ്റും പാടുളളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ മെഹനാസിെനതിരേ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസ്‌ എടുത്തിട്ടുണ്ട്‌. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കാക്കൂര്‍ പൊലീസാണ്‌ കേസെടുത്തത്‌.

Leave a Reply