ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്‌ ഒരാഴ്‌ചയിലേറെയായി നടന്നുവരുന്ന പരിശോധനകളില്‍ വെളിപ്പെടുന്നതു ഗുരുതരമായ കെടുകാര്യസ്‌ഥത

0

തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്‌ ഒരാഴ്‌ചയിലേറെയായി നടന്നുവരുന്ന പരിശോധനകളില്‍ വെളിപ്പെടുന്നതു ഗുരുതരമായ കെടുകാര്യസ്‌ഥത. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരേ നടപടിയെടുത്തു. 631 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി. കാലങ്ങളായി പരിശോധനകള്‍ നടക്കാതിരുന്നതിന്റെ ഫലമാണ്‌ ഇത്രയധികം ്രകമക്കേടുകള്‍.
ഹോട്ടലുകളും മത്സ്യ-മാംസവ്യാപാരകേന്ദ്രങ്ങളിലുമടക്കം 1930 ഇടങ്ങളിലാണു പരിശോധന നടന്നത്‌. ഒരാഴ്‌ചയ്‌ക്കിടെ വൃത്തിഹീനമായ 283 കിലോഗ്രാം മാംസം പിടിച്ചെടുത്ത്‌ നശിപ്പിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 6205 കിലോ പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. എന്നാല്‍, പരിശോധനയിലെ മെല്ലെപ്പോക്ക്‌ മൂലം സംസ്‌ഥാനത്തെ ഭൂരിപക്ഷം സ്‌ഥാപനങ്ങള്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ മറയ്‌ക്കാന്‍ മതിയായ സമയം ലഭിച്ചു. സ്‌ഥിതി ഗുരുതരമായതിനാലാണു ഭക്ഷ്യസുരക്ഷാവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും പരിശോധനയ്‌ക്കിറങ്ങിയത്‌. എന്നാല്‍, വിവരം മുന്‍കൂട്ടി ചോരുന്നതിനാല്‍ പരിശോധന പ്രഹസനമാകുന്നതായും ആരോപണമുണ്ട്‌.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ 226 പരിശോധനകളാണു ഭക്ഷ്യസുരക്ഷാവകുപ്പ്‌ നടത്തിയത്‌. ഇന്നലെ മാത്രം ലൈസന്‍സ്‌/രജിസ്‌ട്രേഷന്‍ ഇല്ലാത്ത 29 സ്‌ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. 100 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത്‌ നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു. പരിശോധനകള്‍ നടക്കുമ്പോഴും നിത്യേന ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനു കാരണം പിടിക്കപ്പെടുന്നവര്‍ക്കു കാര്യമായ ശിക്ഷയില്ല എന്നതാണ്‌.
കോവിഡ്‌ ലോക്ക്‌ഡൗണിനുശേഷവും വ്യാപാരസ്‌ഥാപനങ്ങളില്‍ പരിശോധന നടക്കാതിരുന്നതാണു പ്രശ്‌നം ഇത്ര രൂക്ഷമാകാന്‍ കാരണം. വെളിച്ചെണ്ണയിലും ശര്‍ക്കരയിലും പൊടി ഇനങ്ങളിലും വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നു. ചക്കിലാട്ടിയ എണ്ണ എന്ന പേരിലും വന്‍തട്ടിപ്പാണു നടക്കുന്നത്‌. നിത്യേന പല ബ്രാന്‍ഡുകളില്‍ ഭക്ഷ്യമാവുകള്‍ ഉള്‍പ്പെടെ വിപണിയിലേക്കൊഴുകുന്നു. ലൈസന്‍സില്ലാത്തവയാണ്‌ ഏറെയും. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്‌ ഇത്തരം ദോശ-ഇഡ്‌ലി-അപ്പം മാവ്‌ പായ്‌ക്ക്‌ ചെയ്യപ്പെടുന്നത്‌. നിലവിലെ പരിശോധനകളില്‍നിന്ന്‌ അവ ഒഴിവാക്കിയിരിക്കുകയാണ്‌.

Leave a Reply