വിഘ്നേശി​ന്റെ മരണം പൊലീസ് മർദ്ദനത്തിലാണെന്ന് സൂചന; പുറത്ത് വന്നിരിക്കുന്നത് സംശയം ബലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും; കസ്റ്റഡി മരണം തുടർക്കഥയാകുമ്പോൾ ഇരയാകുന്നത് നിരപരാധികളോ..?

0

ചെന്നൈ: തമിഴ്​നാട്ടിൽ വിഘ്നേശ് എന്ന യുവാവ്​ മരിച്ചത് പൊലീസ് മർദനത്തിലാണെന്ന് സൂചന. മർദ്ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംശയം ബലപ്പെട്ടത്. സംഭവം നടന്ന ദിവസം രാത്രിയിലെ 1.26 മിനിറ്റ്​ ദൈർഘ്യമുളള ദൃശ്യങ്ങളാണ്​ പുറത്ത്​ വന്നിരിക്കുന്നത്​.

വിഘ്നേശ് ചെന്നൈയിലെ കെല്ലിസ് ഏരിയയിലെ പ്രധാന റോഡിൽ നിന്ന് ഇടുങ്ങിയ തെരുവിലേക്ക് ഓടുന്നതും രണ്ട് പോലീസുകാർ പിന്തുടരുമ്പോൾ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. നിലത്ത് വീണ സമയം രണ്ട് പൊലീസുകാർ ചേർന്ന് ഇയാളെ ലാത്തികൊണ്ട് അടിക്കുകയാണ്. ഇയാളെ പിടിച്ചുകൊണ്ട് പോവുകയും നിലത്ത് കിടന്ന എന്തോ ഒരു വസ്തു കൂട്ടത്തിലെ ഒരു പൊലീസുകാരൻ എടുക്കുന്നുമുണ്ട്. എന്നാൽ പൊലീസ് പറയുന്നത് ഇയാളെ പിന്തുടരുന്നതിനിടെ യുവാവ് വലിച്ചെറിഞ്ഞ കത്തിയാണെന്നാണ് ഇതെന്നാണ്.

കഴിഞ്ഞയാഴ്ച വാഹന പരിശോധനക്കിടെ വിഘ്നേശ് സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കൈകാണിച്ച്​ നിർത്തുകയും പരിശോധനയിൽ കഞ്ചാവ്പൊതി കണ്ടെടുത്തെന്നുമാണ്​ പൊലീസ്​ വാദം. തുടർന്ന് കത്തിവീശി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ച വിഘ്നേശ് സംഭവസ്ഥലത്ത് നിന്ന് ഓടുകയും പൊലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. പിറ്റേന്ന് രാവിലെ വിഘ്‌നേഷിന് അപസ്മാരം ഉണ്ടായെന്നും വൈദ്യസഹായം നൽകിയിട്ടും രക്ഷിക്കാനായില്ലെന്നുമാണ്​ പൊലീസ്​ പറയുന്നത്​.

സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്​. ഒരു ക്യാമറ ദൃശ്യം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്​. കുറഞ്ഞത് 15 ക്യാമറകളെങ്കിലും ഉണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ടെന്നും രാത്രി 11 മണി മുതൽ മൂന്ന് മണിക്കൂറോളമാണ് ഇയാൾ പീഡനത്തിനിരയായതെന്നുമാണ്​ ഇവർ ഉന്നയിക്കുന്നത്​.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എസ്.െഎ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും കേസന്വേഷണ ചുമതല സംസ്ഥാന സർക്കാർ സി.ബി.സി.ഐ.ഡിക്ക് കൈമാറിയിട്ടുണ്ട്​. വിഘ്നേശിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ കക്ഷികൾ സംഭവം കസ്റ്റഡി മരണമെന്ന് ഉറച്ച് വാദിക്കുകയും വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here