ജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

0

തിരുവനന്തപുരം: ജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്താല്‍ കൂലി നല്‍കണം എന്ന കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജോലി ചെയ്താല്‍ കൂലി നല്‍കണമെന്നത് തന്നെയാണ് തന്റെയും അഭിപ്രായം. ജോലി ചെയ്യാതിരുന്ന കൊവിഡ് കാലത്തും സര്‍ക്കാര്‍ കൂലി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണിമുടക്കുകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ധനം, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വിലയും വര്‍ധിച്ചു. ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്നതല്ല. ഇതിനെതിരെ ആരും ചര്‍ച്ചയില്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് മണിക്കാണ് ചര്‍ച്ച പൂര്‍ത്തിയായത്. പക്ഷെ മൂന്ന് മണിക്ക് തന്നെ സര്‍വീസുകള്‍ നിര്‍ത്തി. കെഎസ്ആര്‍ടിസി ജിവനക്കാരുടെ സമരത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരേപിച്ചു.

അതേസമയം മെയ് 10ന് മുമ്പ് ശമ്പള വിതരണം ഉറപ്പാക്കണമെന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷ യൂണിയനുകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത അച്ചക്കനടപടിക്കാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. 190 ദിവസം ജോലി ചെയ്യുന്നവരെ മാത്രമെ ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കൂ.

ഒന്നേക്കാൽ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങളോട് മുഖം തിരിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. ശമ്പളത്തിനോ ദൈനംദിന ചെലവുകൾക്കോ മാറ്റിവച്ച തുകയല്ല ഉപയോഗിക്കുന്നത് എന്നതാണ് നൽകിയ വിശദീകരണം. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിൽ നിന്ന് ഉയർന്നത് .

കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാൽ മാനേജ്മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചത്. ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വച്ച തുകയല്ല. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന മുപ്പത് കോടിയിൽ നിന്നാണ് ചെലവ്. അതാകട്ടെ മറ്റൊന്നിനും വകമാറ്റാനും ആകില്ല. അടുത്തിടെ നിരത്തിലിറങ്ങിയ സ്വിഫ്റ്റ് ബസ്സുകളടക്കം വൃത്തിഹീനമായി കിടക്കുന്നു എന്ന് വ്യാപക പരാതിയുണ്ട്. പുതിയ യന്ത്രമാണെങ്കിൽ മാസം തോറും 3000 ബസ്സുകൾ വരെ കഴുകി വൃത്തിയാക്കാം. ഒരു ബസ് കഴുകാൻ 200 ലിറ്റർ വരെ വെള്ളം മതി.
വിവിധ തലത്തിലുള്ള 4300 ഓളം ബസുകളാണ് വൃത്തിയാക്കാനുള്ളത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലാവും യന്ത്രം സ്ഥാപിക്കുക.

തൽപര്യം അറിയിച്ചെത്തിയ കന്പനികളോട് ഉടൻ ടെൻഡർ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷക്കാലം യന്ത്രത്തിന്റെ പരിപാലച്ചെലവും കരാർ ലഭിക്കുന്ന കന്പനി വഹിക്കണം. കഴുകാനുള്ള വെള്ളവും രാസ വസ്തുക്കളും കെഎസ്ആർടിസി നൽകും.
കെഎസ്ആർടിസിയിൽ അച്ചടക്ക നടപടി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 24 മണിക്കൂർ പണിമുടക്കിന് പിന്നാലെ തൊഴിലാളികൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് മാനേജ്‌മന്റ്. പണിമുടക്കിനെ തുടന്ന് അന്നേ ദിവസം ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി തുടങ്ങി. അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടി ആയാണ് ഇത്. ഇനി മുതൽ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും അടക്കം പരിഗണിക്കുകയുമുള്ളൂ.
തന്റെ വാക്കും സ്ഥാപനത്തിന്റെ അവസ്ഥയും കണക്കിലെടുക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്ന് അന്നു തന്നെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 5, 6, 7 തീയതികളിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയും തയ്യാറാക്കിത്തുടങ്ങി.
ജീവനക്കാർ 24 മണിക്കൂർ സമരംചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത്. ഇത് ജനുവരിയിൽ കോർപറേഷനിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായിരുന്നു. ഇത് പ്രകാരം കെഎസ്ആർടിസിയിൽ ഇനി മുതൽ ശമ്പള വർദ്ധനവ് , പ്രമോഷൻ, പെൻഷൻ തുടങ്ങിയവ ലഭിക്കാൻ എല്ലാവർഷവും ചുരുങ്ങിയത് 190 ദിവസം ഹാജർ വേണം.
മാരക രോഗങ്ങൾ പിടിപെടുന്നവർക്കും അപകടങ്ങളെ തുടർന്ന് കിടപ്പുരോഗികളാകുന്നവർക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേതാണ്. അതിന് കെഎസ്ആർടിസി രൂപീകരിക്കുന്നതോ സർക്കാരിന്റേതോ ആയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയിൽ ഇളവ് കിട്ടും.
കെഎസ്ആർടിസി പൂട്ടിക്കെട്ടുമോ?
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വണ്ടികൾ ഫിറ്റ് അല്ലെങ്കിൽ ഉടൻ വിൽക്കണം എന്നായിരുന്നു കോടതിയുടെ വിമർശനം. മറുവശത്താകട്ടെ ശമ്പള പ്രതിസന്ധിയും. ചെയ്ത ജോലിക്ക് കൂലി കിട്ടാൻ സമരം ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ. പത്താം തീയതി ശമ്പളം കിട്ടിയില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകുമെന്നും തൊഴിലാളികൾ അറിയിച്ചു കഴിഞ്ഞു. ഇങ്ങനെയാണെങ്കിൽ അധികം വൈകാതെ കെഎസ്ആർടിസി പൂട്ടിക്കെട്ടുമെന്ന് ഉറപ്പായി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലെ സമരം കെഎസ്ആർടിസിക്ക് താങ്ങാൻ ആവുന്നതിലും അപ്പറുമാണ്. ഒരു ദിവസത്തെ സമരം കെഎസ്ആർടിസിക്ക് വരുത്തുന്നത് മൂന്നു ദിവസത്തെ നഷ്ടമാണെന്ന് ഗതാഗത മന്ത്രി തന്നെ സമ്മതിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള പണം കിട്ടിയാലേ ശമ്പളം നൽകാൻ കഴിയൂ. നന്നാക്കി ഉപയോഗിക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകൾ പൊളിച്ചുവിറ്റാലും കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ തീരില്ല.
ഒരു മാസം ശരാശരി 150 കോടിയാണ് വരുമാനം. ഇതിൽ 90 കോടി ഡീസലിന് വേണം. 30 കോടി ലോൺ ഇനത്തിലും പോകും. ബാക്കിയുള്ള തുക കൊണ്ട് ശമ്പളവും പെൻഷനും നൽകാൻ കഴിയില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. സമരം തുടങ്ങിയാൽ വരുമാനം ഇനിയും കുറയും ഇതോടെ പ്രതിസന്ധിയും കൂടും. യൂണിയൻ നേതാക്കളെ അടക്കം ജോലിക്കിറക്കാനുള്ള കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകറിന്റെ നീക്കവും യൂണിയനുകൾക്ക് പിടിച്ചിട്ടില്ല. മുമ്പ് പലപ്പോഴും മാസാവസാനമാണ് കെ എസ് ആർ ടി സിയിൽ ശമ്പളം കിട്ടിരുന്നത്. അന്നൊന്നും ആരും പണി മുടക്കിയിരുന്നില്ല.
സമരം കൂടി വന്നാൽ കെ എസ് ആർ ടി സി സമ്പൂർണ്ണമായും പൂട്ടേണ്ട അവസ്ഥ വരുമെന്നതാണ് വസ്തുത. അങ്ങനെ വന്നാൽ എല്ലാ ബസും പൊളിച്ചു വിൽക്കേണ്ടി വരും. 920 ബസുകൾ പൊളിച്ചു വിൽക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്. ഒന്പതുമുതൽ 16 വരെ വർഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തിൽ സ്‌ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.
കെ.എസ്.ആർ.ടി.സി.യുടെ 2800 ബസുകൾ വിവിധ ഡിപ്പോകളിൽ ‘തള്ളി’യിരിക്കുകയാണെന്ന, ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ കോർപ്പറേഷൻ നിഷേധിച്ചു. കോവിഡിനുമുമ്പ് 4336 ഷെഡ്യൂളുകളിൽ 6202 ബസുകൾ കെ.എസ്.ആർ.ടി.സി. ഓടിച്ചതാണ്. കോവിഡ് വന്നതോടെ എല്ലാം താളംതെറ്റി. ലോക്ഡൗണിൽ മുഴുവൻ ബസുകളും നിർത്തിയിടേണ്ടിവന്നു. ലോക്ഡൗൺ പിൻവലിച്ചശേഷവും ബസുകൾ പൂർണമായി ഇറക്കാനായിട്ടില്ല; പ്രത്യേകിച്ച് ജന്റം ബസുകൾ. കോവിഡ് മാനദണ്ഡമുള്ളതിനാൽ എ.സി. ബസുകൾ ഓടിക്കാനുള്ള തടസ്സമായിരുന്നു പ്രധാന കാരണം.
ജന്റം ബസുകൾ കേന്ദ്രസർക്കാർ സ്‌കീം അനുസരിച്ച് നൽകുന്നതാണ്. ഇത് കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചുള്ളവയല്ല. ഇന്ധനച്ചെലവ് കൂടുതൽ, അറ്റകുറ്റപ്പണിക്കുള്ള ഉയർന്ന ചെലവ്, കേരളത്തിലെ റോഡിന് ഇണങ്ങാത്ത ഘടന എന്നിവയെല്ലാം ഇതിനുകാരണമാണ്. എന്നാലും 219 ജന്റം ബസുകളിൽ പരമാവധി എണ്ണം ഓടിക്കാനായിട്ടുണ്ട്. നിർത്തിയിട്ടവയിൽ 21 എണ്ണം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകും. ബസ് നിർമ്മാണ കമ്പനിയുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് ബാക്കിയുള്ളവ സ്‌ക്രാപ്പാക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.
100 വർക്ഷോപ്പുകളും 93 ഡിപ്പോകളും കെ.എസ്.ആർ.ടി.സി.ക്കുണ്ട്. സർവീസ് നടത്താത്ത ബസുകൾ പല ഡിപ്പോകളിലായി നിർത്തുന്നത് ജനങ്ങൾക്കും മറ്റു ബസുകളുടെ സർവീസിനും തടസ്സമാകുമെന്നതിനാൽ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തേവര, പാറശ്ശാല, ഈഞ്ചയ്ക്കൽ, ചടയമംഗലം, ആറ്റിങ്ങൽ, കായംകുളം, ചേർത്തല, ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നീ യാർഡുകളിലാണ് ബസുകളുള്ളത്. ഇവയെല്ലാം സ്‌ക്രാപ്പാക്കി മാറ്റാനുള്ളതല്ല. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാവുന്നവയുണ്ട്. സർവീസ് ആവശ്യമാകുന്ന ഘട്ടത്തിൽ ഇവ ഉപയോഗിക്കുമെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.
കെ.എസ്.ആർ.ടി.സിയിയിലെ ശമ്പള കാര്യത്തിൽ സർക്കാർ കൈയൊഴിയുന്നു എന്നതാണ് മറ്റൊരു വസ്തുത. തന്റെ ഉറപ്പ് തള്ളി സമരം ചെയ്ത സാഹചര്യത്തിൽ ശമ്പളക്കാര്യം ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഫലത്തിൽ ഏപ്രിലിലെ ശമ്പളവും വൈകുമെന്നാണ് വിവരം. പണമില്ലാത്തതിനാൽ മെയ്‌ 21 ഓടെ മാത്രമേ ഏപ്രിലിലെ ശമ്പളം നൽകാനാവൂ എന്നായിരുന്നു മാനേജ്മെന്റിന്റെ ആദ്യ നിലപാട്. മൂന്ന് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയതോടെ ഈ മാസം പത്തിന് നൽകാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അഞ്ചിന് തന്നെ ശമ്പളമില്ലെങ്കിൽ പണിമുടക്കുമെന്ന ശാഠ്യത്തിലായിരുന്നു യൂണിയനുകൾ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. പണിമുടക്ക് മൂലമുള്ള നഷ്ടം സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിച്ചെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
പത്തിന് ശമ്പളം നൽകാൻ സർക്കാർ നിർദ്ദേശിച്ചതാണെന്നും അതു പോലും ജീവനക്കാർ സ്വീകരിച്ചില്ലെന്നും ആന്റണി രാജുവിന്റെ പറഞ്ഞു. ‘എന്റെ അഭ്യർത്ഥന തള്ളിയാണ് സമരത്തിലേക്ക് പോയത്. ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെ. പണിമുടക്കിലേക്ക് ഉണ്ടാക്കിയ നഷ്ടം വലുതാണ്. ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണല്ലോ ശമ്പളം മുടങ്ങിയത്. പ്രതിസന്ധി അറിയാവുന്നവരാണ് ജീവനക്കാർ. ആ പ്രതിസന്ധി രൂക്ഷമാക്കിയാണ് പണിമുടക്കിയത്. ഒരു ദിവസം പണിമുടക്കിയാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ മാസത്തെ ശമ്പളത്തിനും വായ്പ എടുക്കാനുള്ള നീക്കങ്ങൾ എങ്ങുമായിട്ടില്ല. ശമ്പളം വൈകുന്നതിനെതിരെ സർക്കാർ അനുകൂല എ.ഐ.ടി.യു.സി പണിമുടക്കിയിരുന്നു. സിഐ.ടി.യുവിൽ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here