സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ഖജനാവിൽ പണമില്ല; കേരളം കടക്കെണിയിൽ പെട്ട് നട്ടം തിരിയുമ്പോഴും കെ റെയിൽ ധൂർത്തിന് കുറവില്ല

0

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങുമെന്ന് റിപ്പോർട്ട്. ശമ്പളം നൽകാൻ പോലും പണമില്ലാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പത്ത് ശതമാനം ശമ്പളം മാറ്റിവെക്കണം എന്ന നിർദ്ദേശമാണ് ധനവകുപ്പിന് മുന്നിലുള്ളത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് വിരുദ്ധ അഭിപ്രായമാണുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പാകപ്പിഴ വന്നാൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്ക് ദോഷം ചെയ്യും എന്നും സിപിഎമ്മും തിരിച്ചറിയുന്നുണ്ട്. പക്ഷേ ശമ്പളം നൽകാൻ പണം എവിടെ നിന്നെടുക്കും എന്നറിയാതെ ധനവകുപ്പും നട്ടംതിരിയുകയാണ്.

കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.എന്നാൽ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്. കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വർഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സർക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നൽകി. റിസർവ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നൽകിയിട്ടില്ല.

മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്.

കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.

32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.സി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും. റിസർവ് ബാങ്ക് വായ്പാ കലണ്ടർപ്രകാരം ഏപ്രിൽ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം.

അതേസമയം, ലക്ഷം കോടി രൂപ മുടക്കിയുള്ള സിൽവർ ലൈൻ വിഷയം സജീവമായി നിലനിർത്താനുള്ള നീക്കത്തിലാണ് സർക്കാർ. സിൽവർ ലൈൻ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാനാണ് സർക്കാർ തീരുമാനം. അതിരടയാള കല്ലിടൽ താൽകാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്. അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു

അതേ സമയം തൃക്കാക്കര തോറ്റാൽ കെ റെയിൽ നിർത്തുമോ എന്ന് വരെ മുഖ്യമന്ത്രിയെ ചലഞ്ച് ചെയ്ത കോൺഗ്രസ് കുറ്റിക്കുള്ള അവധി ഉയർത്തി എൽഡിഎഫിനെ കടന്നാക്രമിക്കുന്നു. കുറ്റിയിട്ടാൽ മുമ്പില്ലാത്തവിധം പ്രതിഷേധം കടുപ്പിക്കാൻ പാർട്ടി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. അതിവേഗപാതയെ ഇപ്പോൾ തടഞ്ഞുനിർത്തുന്നത് കേന്ദ്ര സർക്കാറെന്നാണ് ബിജെപി പ്രചാരണം.

കല്ലിടലിൽ അവധി ചർച്ചയാകുമ്പോഴും സാധ്യാത പഠനം നിർത്തിയെന്ന് കെ റെയിൽ സമ്മതിക്കുന്നില്ല. 190 കിലോമീറ്റർ മാത്രമാണ് ഇതുവരെ സാധ്യതാപഠനം പൂർത്തിയായത്. ബാക്കിയുള്ളത് 340 കിമി. അതിലേറെയും തെക്കും എറണാകുളം ഉൾപ്പെടുന്ന മധ്യകേരളത്തിലും.

LEAVE A REPLY

Please enter your comment!
Please enter your name here