പൂരത്തിന്റെ പുരുഷാരത്തിനിടയില്‍ യുവതിയെ ചുമലിലേറ്റി ചുവടുവയ്‌ക്കുന്ന യുവാവും തോളിലിരുന്നു കുടമാറ്റം കണ്ട്‌ ആനന്ദക്കണ്ണീരണിയുന്ന യുവതിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി

0

തൃശൂര്‍: പൂരത്തിന്റെ പുരുഷാരത്തിനിടയില്‍ യുവതിയെ ചുമലിലേറ്റി ചുവടുവയ്‌ക്കുന്ന യുവാവും തോളിലിരുന്നു കുടമാറ്റം കണ്ട്‌ ആനന്ദക്കണ്ണീരണിയുന്ന യുവതിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
തിരക്കിനിടയില്‍നിന്ന്‌ പൂരം കാണാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ സുദീപ്‌ എന്ന സുഹൃത്തിന്റെ തോളിലിരുന്ന്‌ കൃഷ്‌ണപ്രിയ കുടമാറ്റം കണ്ടത്‌. കാണാന്‍ കഴിയില്ലെന്നു കരുതിയ കാഴ്‌ചകള്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു കണ്ണുകള്‍ നിറഞ്ഞൊഴുകിയതെന്നു കൃഷ്‌ണപ്രിയ പറയുന്നു. ഉറ്റ സുഹൃത്തുക്കളായ സുദീപ്‌, കൃഷ്‌ണപ്രിയ, രേഷ്‌മ, ബിയാമി എന്നിവരാണ്‌ പൂരത്തിനെത്തിയത്‌. തെക്കോട്ടിറക്കം സമയത്ത്‌ തെക്കേഗോപുരനടയ്‌ക്കു സമീപമുണ്ടായിരുന്നെങ്കിലും പോലീസിന്റെ നിര്‍ദേശപ്രകാരം അവിടെനിന്ന്‌ ഇറങ്ങേണ്ടി വന്നു. അതോടെ മുന്നില്‍നിന്ന കൃഷ്‌ണപ്രിയയും സുഹൃത്തുക്കളും പിന്നിലേക്കു പോയി.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും പൂരം കാണാന്‍ കഴിയാതെ മടങ്ങേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ഒന്നുകൂടി മുന്നിലേക്കു പോകാന്‍ ശ്രമിച്ചു. ഉന്തിത്തള്ളി മുന്നിലെത്തിയപ്പോള്‍ പോലീസ്‌ തടഞ്ഞു. നേരത്തേ മുന്നില്‍ നിന്നതാണെന്നുംഅവിടെ നില്‍ക്കാന്‍ പോലീസ്‌ സമ്മതിക്കാത്തതിനെത്തുടര്‍ന്നാണു പിന്നിലേക്ക്‌ പോയതെന്നുംഅവരോട്‌ പറഞ്ഞു. വിഷമം മനസിലാക്കിയാകണം ആ ഉദ്യോഗസ്‌ഥന്‍ ഞങ്ങളെ പൂരം കാണാന്‍ സൗകര്യപ്രദമായ സ്‌ഥലത്തേക്കു നിര്‍ത്തി. പൂരം നന്നായി കാണാന്‍ കൃഷ്‌ണപ്രിയയെ തോളില്‍ കയറ്റിയിരുത്തുകയും ചെയ്‌തു- സുദീപ്‌ പറഞ്ഞു.
മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലിന്റെ അവതാരകയാണ്‌ തൃശൂര്‍ നടത്തറ സ്വദേശിനിയായ കൃഷ്‌ണപ്രിയ. ഹ്യൂണ്ടായിയുടെ സെയില്‍സ്‌ വിഭാഗത്തിലാണ്‌ എല്‍ത്തുരുത്ത്‌ സ്വദേശി സുദീപ്‌ ജോലി ചെയ്യുന്നത്‌. നാലു വര്‍ഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here