മുൻകൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന പ്രീപെയ്ഡ് സ്മാർട് മീറ്റർ സംവിധാനം രാജ്യമാകെ നിർബന്ധമാക്കുന്നതിന്റെ ആദ്യഘട്ടം 2023 ഡിസംബർ 31നു മുൻപു പൂർത്തിയാക്കണമെന്നു കേന്ദ്ര വിജ്ഞാപനം

0

ന്യൂഡൽഹി ∙ മുൻകൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന പ്രീപെയ്ഡ് സ്മാർട് മീറ്റർ സംവിധാനം രാജ്യമാകെ നിർബന്ധമാക്കുന്നതിന്റെ ആദ്യഘട്ടം 2023 ഡിസംബർ 31നു മുൻപു പൂർത്തിയാക്കണമെന്നു കേന്ദ്ര വിജ്ഞാപനം. ബ്ലോക്ക് തലത്തിനു മുകളിലുള്ള എല്ലാ സർക്കാർ ഓഫിസുകളും വ്യാവസായിക–വാണിജ്യ ഉപയോക്താക്കളും ഈ തീയതിക്കുള്ളിൽ പ്രീപെയ്ഡ് മീറ്ററിലേക്കു മാറണം.

ഇതിനു പുറമേ നഗരമേഖലകളിൽ 15 ശതമാനത്തിനു മുകളിലും ഗ്രാമീണമേഖലകളിൽ 25 ശതമാനത്തിനു മുകളിലും നഷ്ടമുണ്ടാക്കിയ ഇലക്ട്രിക് ഡിവിഷനുകളിലും പ്രീപെയ്ഡ് മീറ്റർ വരും. ബാക്കിയുള്ള എല്ലാ ഉപയോക്താക്കളും 2025 മാർച്ച് 31ന് മുൻപായി സ്മാർട് മീറ്ററിലേക്കു മാറണം. കാർഷിക കണക്‌ഷനുകൾക്ക് ഈ സമയക്രമം ബാധകമല്ല.

നിലവിൽ പ്രഖ്യാപിച്ച സമയക്രമം അതതു സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമ്മിഷനുകൾക്കു പരമാവധി 2 തവണ മാത്രമേ നീട്ടിക്കൊടുക്കാൻ കഴിയൂ. ഒരു തവണ 6 മാസത്തിൽ കൂടുതൽ നീട്ടാനും വ്യവസ്ഥയില്ല. രാജ്യമാകെ 25 കോടി സ്മാർട് മീറ്ററുകൾ വേണ്ടിവരും. ഇതിനായി 15–22% സബ്സിഡിയും പ്രത്യേക പരിഗണന വേണ്ട സംസ്ഥാനങ്ങളിൽ 33% സബ്സിഡിയും ലഭ്യമാക്കുമെന്നു കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.

പണം ആദ്യമേ നൽകണം

ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുത്താണു നിലവിൽ ബിൽ നൽകുന്നതെങ്കിൽ പ്രീപെയ്ഡ് മീറ്റർ വരുമ്പോൾ മുൻകൂറായി പണം നൽകി റീചാർജ് ചെയ്യണം. മൊബൈൽ ആപ്പ് ഉപയോഗിച്ച് മീറ്റർ റീചാർജ് ചെയ്യാനാകും. ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക മുൻകൂറായി അടയ്ക്കുന്നതിനാൽ കുടിശിക ഇല്ലാതാക്കാം എന്നതാണു നേട്ടം. വൈദ്യുതി ബിൽ കുടിശിക മൂലം പ്രതിസന്ധിയിലായ വൈദ്യുതി വിതരണ സ്ഥാപനങ്ങളെ സഹായിക്കാനാണ് പ്രീപെയ്ഡ് മീറ്റർ നിർബന്ധമാക്കുന്നത്.

മീറ്റർ ചെലവ് 6000 രൂപ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 1.3 കോടി ഉപയോക്താക്കൾക്കായി 4 ഘട്ടമായാണ് സ്മാർട് മീറ്റർ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 37 ലക്ഷം ഉപയോക്താക്കളുണ്ട്. സ്മാർട് മീറ്റർ സ്ഥാപിച്ച് 10 കൊല്ലം പരിപാലിക്കുന്നതിനു കമ്പനിക്ക് 6000 രൂപയോളം നൽകണം. അതേസമയം, ഒരു സ്മാർട് മീറ്റർ മാത്രമായി 2500–3000 രൂപയ്ക്കു ലഭിച്ചേക്കും. കൊച്ചി സ്മാർട് സിറ്റിയിൽ ഇപ്പോൾ പതിനാറായിരത്തോളം സ്മാർട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിനു ബോർഡുമായി ബന്ധമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here