നിഷ്പക്ഷ അന്വേഷണം വേണമെന്നും, തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുതെന്നും ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

0

 
തിരുവനന്തപുരം:നിഷ്പക്ഷ അന്വേഷണം വേണമെന്നും, തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുതെന്നും ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളടങ്ങുന്ന നിവേദനം നടി മുഖ്യമന്ത്രിക്ക് നല്‍കി. നിഷ്പക്ഷ അന്വേഷണത്തിന് മുഖ്യമന്ത്രി ഇടപെടണം. വിമര്‍ശനങ്ങള്‍ വേദനിപ്പിച്ചെന്നും നടി മുഖ്യമന്ത്രിയെ അറിയിച്ചു. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം വേണം. തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുത്. തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അന്വേഷണം വേണം. കേസില്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം. 

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം. ദൃശ്യങ്ങള്‍ ചോര്‍ത്തിയവര്‍ക്ക് എതിരെ നടപടി വേണം. തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. മൂന്നു പേജുള്ള നിവേദനമാണ് നടി മുഖ്യമന്ത്രിക്ക് നൽകിയത്. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. 
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് ആക്രമണത്തിനിരയായ നടിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആശങ്കകളെല്ലാം പരിഹരിക്കും. കേസില്‍ സര്‍ക്കാര്‍ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. നടി ഉന്നയിച്ച ആശങ്കകളും പരാതികളുമെല്ലാം നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന്, സന്ദര്‍ശനത്തിന് ശേഷം ആക്രണത്തിന് ഇരയായ നടി വ്യക്തമാക്കിയിരുന്നു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ സന്തോഷമുണ്ട്. കേസില്‍ തന്നോടൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും നടി പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണം സുതാര്യമായി മുന്നോട്ടുകൊണ്ടുപോകണം. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here