പാഠപുസ്തകത്തിന്റെ പേജ് കീറി; ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്

0

കൊല്ലം : ചിതറയിൽ നാല് വയസുകാരിക്ക് അംഗനവാടി ജീവനക്കാരിയുടെ മർദ്ദനം. സംഭവത്തിൽ ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അംഗനവാടിയിലെ ജീവനക്കാരി സുജാതയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ 4 വയസ്സുള്ള മകൾ ഉദിർഷ്ണക്കാണ് മർദ്ദനമേറ്റത്. കൊത്തല അംഗനവാടിയിലെ ജീവനക്കാരി സുജാതയാണ് പെൺകുട്ടിയെ മർദ്ദിച്ചത്. അംഗനവാടിയിലെ പുസ്തകത്തിന്റെ പേപ്പർ കീറിയതിനായിരുന്നു ക്രൂര മർദ്ദനം. സ്റ്റീൽ സ്‌കെയിൽ കൊണ്ട് ഇടതുകാലിനു താഴെ ശക്തിയായി അടിക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം കൂട്ടിയുടെ കാലിൽ നീരുവെച്ചത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടു. വിവരം തിരക്കിയപ്പോൾ ആനയുടെയും കുതിരയുടെയും ചിത്രമുള്ള ബുക്കിലെ പേപ്പർ കീറിയതിന് സുജാത മർദ്ദിച്ച കാര്യം കുട്ടി വെളിപ്പെടുത്തി. കടക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിൽ അടിയേറ്റതിനെ തുടർന്ന് നീരുവന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ചിതറ പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സുജാതയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അംഗനവാടി ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here