1921 ലെ നടന്ന മലബാർ വംശഹത്യയെക്കുറിച്ചുളള പിഎസ്സി ചോദ്യത്തിനെതിരെ എസ്ഡിപിഐ

0

തിരുവനന്തപുരം: 1921 ലെ നടന്ന മലബാർ വംശഹത്യയെക്കുറിച്ചുളള പിഎസ്സി ചോദ്യത്തിനെതിരെ എസ്ഡിപിഐ. ആർഎസ്എസ് വാദം അംഗീകരിച്ചാണ് പിഎസ്സി ചോദ്യ പേപ്പർ തയ്യാറാക്കിയത് എന്നാണ് എസ്ഡിപിഐ ആരോപിച്ചിരിക്കുന്നത്. ഏപ്രിൽ 28ന് പട്ടിക വർഗ ഉദ്യോഗാർഥികൾക്കായി നടത്തിയ എൽ.പി സ്‌കൂൾ അധ്യാപക പരീക്ഷയിലെ ചോദ്യത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

‘മലബാർ കലാപത്തെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക’ എന്ന നാലാമത്തെ ചോദ്യത്തിന്റെ ഭാഗമായി ‘ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു’ എന്ന പ്രസ്താവനയാണ് എസ്ഡിപിഐ വിവാദമാക്കുന്നത്. 1921 ലെ കലാപത്തെക്കുറിച്ചും വംശഹത്യയെക്കുറിച്ചുമുളള കൂടുതൽ വസ്തുതകൾ പുറത്തുവന്നുകൊണ്ടിരിക്കെ ചോദ്യത്തിൽ അപാകതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരും ചരിത്രകാരൻമാരും പറയുന്നത്.

പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ വിവാദ പ്രസ്താവനയുൾപ്പെടെ എല്ലാം ശരിയാണ് എന്നാണുള്ളത്. നേരത്തെ കേരളാ സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദ പരീക്ഷയിലും ഇത്തരത്തിൽ ചോദ്യം ഉൾപ്പെടുത്തിയെന്നും എസ്ഡിപിഐ പറയുന്നു. മതസ്പർദ്ധയുണ്ടാക്കാനും വർഗീയത പ്രചരിപ്പിക്കാനും സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമായി കാണണമെന്നാണ് എസ്ഡിപിഐ പറയുന്നത്.

സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പിഎസ് സി ചെയർമാൻ എന്നിവർക്കാണ് പരാതി നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സമഗ്രവും ക്രിയാത്മകവുമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here