തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും ബദലാകുമെന്ന് സാബു എം.ജേക്കബ്.

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും ബദലാകുമെന്ന് സാബു എം.ജേക്കബ്. ആപ്പും ട്വന്റി ട്വന്റിയും യുഡിഎഫിനും എൽഡിഎഫിനും ബദലായി മാറുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി – ട്വന്റിയും ആം ആദ്മി പാർട്ടിയും ചേർന്നുള്ള സ്ഥാനാർഥിയുണ്ടാകുമെന്നും സാബു എം.ജേക്കബ് വ്യക്തമാക്കി.

മുന്നണികൾ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള ചർച്ചകൾക്കായി അരവിന്ദ് കേജരിവാൾ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. ഒരു പക്ഷേ അന്ന് മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

കേരള ജനത ഒന്നാകെ ഉറ്റുനോക്കുന്ന ഒന്നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. തീയതികളുടെ പ്രഖ്യാപനത്തിനു പിന്നാലെ ആരാകും സ്ഥാനാർത്ഥികൾ എന്നാണ് ഇപ്പോൾ ചൂടൻ ചർച്ച വിഷയം. ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ ആരായാലും നടക്കാൻ പോകുന്നത് കരുത്തുറ്റ മത്സരം തന്നെ ആയിരിക്കും. കോൺഗ്രസ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കാനാണ് തീരുമാനം. ഏറെക്കാലമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണിത്. പുതിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.വി. തോമസ് ഇടത് സ്വതന്ത്രനാവുമോ​യെന്നാണ് ഉറ്റുനോക്കുന്നത്. സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതൃത്വ​ത്തിന്റെ വിലക്ക് ലംഘിച്ച് പ​ങ്കെടുത്തതിന്റെ പേരിലാണ് കെ.വി. തോമസ് പാർട്ടിയുമായി അകന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പ് വിഷയത്തിൽ ഇടതുമുന്നണിയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് കെ.വി. തോമസ് പറയുന്നത്. വികസന രാഷ്ട്രീയത്തിനൊപ്പമാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. ഇടതും വലതുമല്ല പ്രശ്നം ജനങ്ങളാണ്. ഏറെ ബന്ധമുള്ള മണ്ഡലമാണ് തൃക്കാക്കര. പി.ടിയുമായി വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. ഉമയോട് വലിയ ബഹുമാനമുള്ളത്. ആരുജയിക്കുമെന്നത് പ്രവചിക്കാൻ കഴിയില്ല. ജനങ്ങളാണെല്ലാം തീരുമാനിക്കുന്നത്. എല്ലാം ജനം നോക്കി കാണുന്നുണ്ടെന്നും കെ.വി. തോമസ് പറയുന്നു. കെ. റെയിലുൾപ്പെടെയുള്ള വിഷയം തെരഞ്ഞെടുപ്പിൽ ശക്തമാക്കാനാണ് ​യു.ഡി.എഫ് നീക്കം. ഈ വേളയിൽ കെ. റെയിൽ പദ്ധതിക്കൊപ്പം നിൽക്കുന്ന കെ.വി. തോമസ് നിലപാട് കോൺഗ്രസിനു തലവേദനയാണ്. ​

തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ​മേയ് 31ന് നടക്കും. ജൂൺ മൂന്നിനായിക്കും വോട്ടെണ്ണൽ. ​മേയ് 11വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16വരെ നാമനിർദേശ പത്രിക പിൻവലിക്കാം. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർനാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. പി.ടി. തോമസിന്റെ പത്നി ഉമതോമസ് യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്.

പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്ഗ്രസ് നേരിടുന്ന ആദ്യതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ.സുധാകരനും വിഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും. പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന മുതിർന്ന നേതാവ് കെ.വി.തോമസ് തൃക്കാക്കരയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here