പോക്‌സോ കേസിൽ പ്രതിയായ മുൻ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

0

മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായ മുൻ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. എം എസ് എഫിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധമാർച്ച്. നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. രാജിവെച്ച നഗരസഭാ അംഗവും മുൻ അദ്ധ്യാപകനുമായ കെ വി ശശികുമാർ പോക്‌സോ കേസ് വിവാദമായതോടെ ഒളിവിൽ പോയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയായ ആളുടെ അറസ്റ്റ് വൈകുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇത് വരെ പോലീസിന് ശശികുമാറിനെ പിടികൂടാൻ സാധിക്കാത്തത് പോലീസും ഇയാളും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശരിവെക്കുന്നതാണ്. സംഭവത്തിൽ ശശികുമാറിനെ സംരക്ഷിക്കില്ല എന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ഇത് വിശ്വാസത്തിലെടുക്കാൻ പറ്റില്ലെന്നാണ് പരാതിക്കാർ പറയുന്നത്.

അദ്ധ്യാപകനായിരുന്ന 30 വർഷക്കാലം സ്‌കൂളിലെ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് മുൻ അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്. ആരോപണത്തെ തുടർന്ന് ശശികുമാർ ആദ്യം നഗരസഭാ അംഗത്വം രാജിവെച്ചിരുന്നു. നിരവധി വിദ്യാർത്ഥിനികൾ ശശികുമാറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 60ഓളം വിദ്യാർത്ഥിനികൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് ശശികുമാർ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചത്. ഇതിന് പിന്നാലെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിന് താഴെയാണ് ശശികുമാറിനെതിരെ ആദ്യ പരാതി ഉയർന്നത്. പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു പരാതി രേഖപ്പെടുത്തിയത്. 2019ൽ അദ്ധ്യാപകനെതിരെ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പൂർവ്വ വിദ്യാർത്ഥികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here