സ്ഥിരം കുറ്റവാളി എന്ന് പോലീസ് റിപ്പോർട്ട്; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ

0

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും. കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഉത്തരവ് ഇറങ്ങിയാൽ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. 2021 ജൂൺ 28 നാണ് അ‍ർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ആരോപിച്ചിരുന്നു. ഇവരാരും ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവ‍ര്‍. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.

പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വ‍ര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു. പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ മനു തോമസ് അർജ്ജുൻ ആയങ്കി ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കെതിരെ കണ്ണൂരിൽ ശക്തമായ പ്രചാരണം നടത്തിയ യുവ നേതാവാണ്. മനു പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഡിവൈഎഫ്ഐ ഈ സംഘങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരും. പി ജയരാജന്റെ പ്രതിഛായ തെറ്റായി ഉപയോഗിച്ച് വളരാൻ ശ്രമിക്കുകയാണ് ഇവരെന്നും സംഘടന വ്യക്തമാക്കി.

പി.ജയരാജൻ തള്ളിപ്പറഞ്ഞിട്ടും പിന്തുണയുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘത്തിന്റെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് ജില്ലാ സെക്രട്ടറി വിമർശിച്ചു. തന്നെ പുകഴ്ത്തുന്നത് അറിഞ്ഞില്ല എന്നുപറഞ്ഞ് പി ജയരാജൻ വിവാദങ്ങളിൽ നിന്ന് വിട്ടുനിന്നു. സംഗതി പന്തിയല്ലെന്ന് ബോധ്യമായതോടെ കാണിച്ചുതരാം എന്ന ഭീഷണിയുടെ സ്വരം ഉപേക്ഷിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടു. തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ എന്നും കുറ്റകൃത്യത്തിൽ തന്നെ തളച്ചിടുക അല്ലല്ലോ വേണ്ടതെന്നും ആയങ്കി ഡിവൈഎഫ്ഐയോട് ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here