‘നിർബന്ധിത വാക്സിനേഷൻ വേണ്ട’; പൊതുതാൽപര്യം കണക്കിലെടുത്ത് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണമാകാം എന്നും സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും അധികൃതരും ഏര്‍പ്പെടുത്തിയ വാക്‌സിന്‍ നിര്‍ദേശങ്ങള്‍ ആനുപാതികമല്ലെന്നും കോടതി നിരീക്ഷിച്ചു.

വാക്‌സിന്‍ എടുക്കാത്തവരില്‍നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങളൊന്നും സര്‍ക്കാരുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം. ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാ അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ നിലവിലെ കോവിഡിന്റെ സാഹചര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിര്‍ദേശമെന്ന് പറഞ്ഞ സുപ്രീംകോടതി, അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റുപെരുമാറ്റച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയം ന്യായീകരണമുള്ളതാണ്. കോവിഡ് വാക്‌സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രസിദ്ധീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ നാഗേശ്വര റാവു, ബി.ആര്‍ ഗവായ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here