വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല; മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ല; വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിറ്റയം ഗോപകുമാര്‍
 

0



പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ്ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ പറയുന്നു. ഇത്തരത്തില്‍ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ ചിറ്റയം പങ്കെടുക്കാതിരുന്നത്.

താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചത് തലേന്ന് രാത്രിയാണ്. അതുകൊണ്ട് കൂടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം പറഞ്ഞു. ‘സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ് തന്നെ ക്ഷണിച്ചില്ല. പങ്കെടുക്കണം എന്ന് വിളിച്ച് പറഞ്ഞത് ജില്ലാ കളക്ടര്‍. തന്റെ മണ്ഡലത്തിലെ പരിപാടികള്‍ പോലും മന്ത്രി അറിയിക്കാറില്ല. മന്ത്രിക്ക് ഏകോപനം എന്തെന്ന് അറിയില്ലെന്നും’ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു.

അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഇക്കാര്യങ്ങളെല്ലാം സിപിഐഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

നേരത്തെ കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭയും പൊതുപരിപാടിയില്‍ മന്ത്രിയുടെ പേരെടുത്ത് പറയാതെ സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പുറമേ പത്തനംതിട്ട ലോക്കല്‍, ജില്ലാ കമ്മിറ്റികളിലും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീണാ ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്നായിരുന്നു കമ്മിറ്റികളുടെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here