കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു

0

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യു കോടതി ജൂൺ 9 വരെ 10 ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. ഇഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായി.എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടുന്നതിനെ സത്യേന്ദ്ര ജെയിന് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി ഇഡി കസ്റ്റഡി അനുവദിച്ചത്. 
ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിൽ ഇന്നലെയാണ് സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്.  ചോദ്യം ചെയ്യാൻ വിളിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 

2017ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ ബിജെപി കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ  നിലപാട്. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യേന്ദ്ര ജെയിനെ തോല്‍വി ഭയന്നാണ് ബിജെപി അറസ്റ്റ് ചെയ്തതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. 
പഞ്ചാബിൽ മന്ത്രിയെ പുറത്താക്കിയതിനും കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചതിലും പ്രതിരോധത്തിലായ ആം ആദ്‍മി പാർട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രിയെ ആംആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാൻ, അരവിന്ദ് കെജ്രിവാളിന്റെ ആശീർവാദത്തോടെ പുറത്താക്കി ദിവസങ്ങൾക്കകമാണ് ദില്ലി ആരോഗ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി പൊക്കിയത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസൈവാലെയുടെ കൊലപാതകം ആം ആദ്മി പാര്‍ട്ടിക്കെതിരെ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെ സത്യേന്ദ്ര ജെയ്ന്‍റെ അറസ്റ്റും ബിജെപി തുറുപ്പ് ചീട്ടാക്കുകയാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here