നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കൽ

0

കൊച്ചി: നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കൽ. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്‍റെ ആശങ്ക പങ്ക് വയ്ക്കുന്നത്. അതിജീവിതയ്ക്ക് ആശങ്ക പങ്ക് വയ്ക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞ റിമ, ഈ വിഷയത്തിൽ താനും ആഷിഖും പ്രതികരിക്കുന്നില്ലല്ലോ എന്ന കോൺഗ്രസിന്‍റെ പരാതിയിലും മറുപടി നല്‍കി. ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു തങ്ങളെന്ന് നടി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ കല്ലിങ്കൽ.
കേസിന്‍റെ കാര്യത്തിൽ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്‍റെ പിറകെ നടക്കുകയല്ലേ എന്ന് പറഞ്ഞ റിമ, വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എക്കാലവും നിലനിന്നിരുന്നു. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പ്രതികരിച്ചു, നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്‍റെ പരാമർശത്തോടും റിമ കല്ലിങ്കൽ പ്രതികരിച്ചു. അത്രയും തരം താഴാൻ താനില്ലെന്നായിരുന്നു റിമയുടെ പ്രതികരണം.

തൃക്കാക്കര പോളിംഗ് ദിനത്തിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനമാണ് നടൻ സിദ്ദിഖ് നടത്തിയത്. അതിജീവിതയെക്കുറിച്ചുള്ള ചോദ്യത്തിന്, അതിന് അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്‍റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം. കേസിൽ വിധി വരട്ടെ, എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ അപ്പോൾ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താൻ പറയുക. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണം. അതും എതിരായാൽ അതിന്‍റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്‍റെ അഭ്യർത്ഥന- സിദ്ദിഖ് പറയുന്നു. പാലച്ചുവടിലുള്ള വ്യാസവിദ്യാലയത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു സിദ്ദിഖ്. 

LEAVE A REPLY

Please enter your comment!
Please enter your name here