ശരദ്‌ പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഷെയര്‍ ചെയ്‌തതിന്‌ അറസ്‌റ്റിലായ നടി കേതകി ചിത്‌ലെയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു

0

ശരദ്‌ പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഷെയര്‍ ചെയ്‌തതിന്‌ അറസ്‌റ്റിലായ നടി കേതകി ചിത്‌ലെയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
ഞായറാഴ്‌ച കോടതിയില്‍ ഹാജരാക്കിയ നടിയെ 18 വരെയാണ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തത്‌. എന്‍.സി.പി. നേതാവ്‌ ശരദ്‌ പവാറിനെതിരായ പ്രകോപനപരമായ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഷെയര്‍ ചെയ്‌തതിന്‌ കഴിഞ്ഞദിവസമാണ്‌ കേതകിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇതേ കേസില്‍ നടിക്ക്‌ പുറമേ 23-കാരനായ ഫാര്‍മസി വിദ്യാര്‍ഥിയും കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു. നിഖില്‍ ഭാംമ്രെയെയാണ്‌ നാസിക്കില്‍നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ 11-ന്‌ നിഖില്‍ ഭാംമ്രെ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച പോസ്‌റ്റാണ്‌ അറസ്‌റ്റിലേക്ക്‌ നയിച്ചത്‌. ബാരാമതിയുടെ നാഥുറാം ഗോഡ്‌സെയെ സൃഷ്‌ടിക്കാന്‍…. ബാരാമതിയുടെ ഗാന്ധിയുടെ സമയമായി… എന്നരീതിയിലായിരുന്നു മറാഠി ഭാഷയിലുള്ള പോസ്‌റ്റ്‌.
പവാര്‍ ബാരാമതിയില്‍നിന്നുള്ള നേതാവാണ്‌. കേതകി ചിത്‌ലെ ഷെയര്‍ചെയ്‌ത പോസ്‌റ്റില്‍ പവാര്‍ 80 വയസ്‌ എന്നാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്‌. നരകം കാത്തിരിക്കുന്നു.. നിങ്ങള്‍ ബ്രാഹ്‌മണരെ വെറുക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്‌. പോസ്‌റ്റുകള്‍ കണ്ട എന്‍.സി.പി. നേതാവും സംസ്‌ഥാന ഭവനവകുപ്പ്‌ മന്ത്രിയുമായ ജിതേന്ദ്ര അവാദ്‌ രണ്ടുപേര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.
നാസിക്കിലെ ദിന്‍ഡോരി പോലീസാണ്‌ ഭാംമ്രയെ അറസ്‌റ്റുചെയ്‌തത്‌. ഇയാളുടെ പേരില്‍ മുമ്പ്‌ കേസുകളൊന്നുമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.
ദിന്‍ഡോരിയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ്‌ ഭാംമ്രെ. പോലീസ്‌ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ്‌ ഭാംമ്രെ സാമൂഹികമാധ്യമങ്ങളിലെ പോസ്‌റ്റുകളെല്ലാം നീക്കിയിരുന്നു. ഫോണ്‍ കസ്‌റ്റഡിയിലെടുത്ത പോലീസ്‌ നേരത്തേ പോസ്‌റ്റുചെയ്‌ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here