നടിയും മോഡലുമായ യുവതി മരിച്ചനിലയില്‍ , കൊലപാതകമെന്ന്‌ കുടുംബം

0

കോഴിക്കോട്‌: നടിയും മോഡലുമായ കാസര്‍ഗോഡ്‌ സ്വദേശിനി ഷഹന(20)യെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവ്‌ സജാദിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. കോഴിക്കോടെ പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ വ്യാഴാഴ്‌ച രാത്രിയോടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ഷഹനയുടെ മൃതദേഹം കണ്ടെത്തിയെന്നാണ്‌ ഭര്‍ത്താവ്‌ സജാദിന്റെ മൊഴി. ഈ വീട്ടില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ കഞ്ചാവ്‌, എം.ഡി.എം.എ, എല്‍.എസ്‌.ഡി സ്‌റ്റാമ്പ്‌ തുടങ്ങിയ മയക്കുമരുന്നുകള്‍ കണ്ടെത്തി. അസ്വാഭാവികമരണത്തിനു ചേവായൂര്‍ പോലീസ്‌ കേസെടുത്തു. ഇന്‍ക്വസ്‌റ്റിനുശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഒരു തമിഴ്‌ സിനിമയിലും നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌ ഷഹന. കോഴിക്കോട്‌ സ്വദേശിയും ഖത്തറില്‍ ജോലിയുമുണ്ടായിരുന്ന സജാദുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം.വിവാഹശേഷമാണ്‌ ഷഹന മോഡലിങില്‍ സജീവമായത്‌. ഷഹനയെ വിളിച്ചിട്ട്‌ അനങ്ങുന്നില്ലെന്നു പറഞ്ഞു വ്യാഴാഴ്‌ച അര്‍ധരാത്രിയോടെ സജാദ്‌ തന്നെയാണ്‌ അയല്‍വാസികളെ വിളിച്ചുവരുത്തിയത്‌. അവര്‍ എത്തുമ്പോള്‍ ഷഹന സജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സജാദ്‌ കൊന്നതാണെന്നും ഷഹനയുടെ മാതാവ്‌ ഉവൈമ ആരോപിച്ചു. വെള്ളിയാഴ്‌ച ഷഹനയുടെ ഇരുപതാം പിറന്നാളായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട്‌ പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടില്‍ വരണമെന്ന്‌ മകള്‍ പറഞ്ഞിരുന്നുവെന്നും സന്തോഷവതിയായിരുന്നുവെന്നും ഉവൈമ പറഞ്ഞു.
ഷഹനയ്‌ക്ക്‌ വരുമാനം ലഭിച്ചു തുടങ്ങിയതോടെ സജാദ്‌ ജോലി സ്‌ഥലത്തേക്കു തിരിച്ചുപോയില്ലെന്നും ഷഹനയുടെ ശമ്പളം സജാദാണ്‌ കൈകാര്യം ചെയ്‌തിരുന്നതെന്നുമാണ്‌ കുടുംബം പറയുന്നത്‌. അവസാനം അഭിനയിച്ച പരസ്യചിത്രത്തിന്റെ പ്രതിഫലം നല്‍കാന്‍ ഷഹന വിസമ്മതിച്ചതിനേത്തുടര്‍ന്ന്‌ സജാദ്‌ വധഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.
വിവാഹത്തിന്‌ നല്‍കിയ 25 പവന്‍ സജാദ്‌ നഷ്‌ടപ്പെടുത്തി. തന്നെ ബന്ദിയാക്കിയിരിക്കുകയാണെന്നു മകള്‍ ഫോണ്‍വിളിച്ചു പറഞ്ഞതിനേത്തുടര്‍ന്ന്‌ എത്തിയ തങ്ങളെ സജാദ്‌ ഭീഷണിപ്പെടുത്തി മടക്കിയെന്നു മാതാവ്‌ പറഞ്ഞു.
സജാദ്‌ മര്‍ദിക്കാറുണ്ടെന്നു ഷഹന പറഞ്ഞിട്ടുണ്ടെന്നു സഹോദരനും പറഞ്ഞു. സജാദിന്റെ ഉപദ്രവത്തെത്തുടര്‍ന്ന്‌ വീട്ടില്‍നിന്ന്‌ ഇറങ്ങി ഓടിയ ഷഹന പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്ന്‌ വന്നു പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here