പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനു തിരിച്ചടി

0

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനു തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചില്ല. കേസില്‍ 30-നു വാദം തുടരും.
ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിനു തിരിച്ചെത്താമെന്നും കേസെടുത്തത്‌ അറിയാതെയാണു രാജ്യം വിട്ടതെന്നും വിജയ്‌ ബാബു അറിയിച്ചു. എന്നാല്‍, വിജയ്‌ ബാബുവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്‌തമായി എതിര്‍ത്തു.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു എന്നറിഞ്ഞതിനു ശേഷമാണു വിജയ്‌ ബാബു രാജ്യം വിട്ടതെന്ന്‌ അഡീ. പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍(എ.ഡി.ജി.പി.) ഉന്നയിച്ചു. ഇപ്പോള്‍ എവിടെയാണെന്ന കാര്യം വിജയ്‌ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്‌തമാക്കിയിട്ടില്ല. ഏപ്രില്‍ 22-നു കേസെടുത്തിരുന്നെന്നും രണ്ടു ദിവസം കഴിഞ്ഞ്‌ 24-നു വിജയ്‌ ബാബു രാജ്യം വിട്ടതു വ്യക്‌തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരയുടെ അമ്മയെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേരു വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി.
കുറ്റവാളിയെ കൈമാറാന്‍ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യു.എ.ഇ. എന്ന്‌ വാദത്തിനിടെ കോടതി ചോദിച്ചു. ഇടക്കാല ഉത്തരവില്ലാത്തതിനാല്‍ വിജയ്‌ ബാബു തിങ്കളാഴ്‌ച ഹാജരായേക്കില്ലെന്ന്‌ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിജയ്‌ ബാബുവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന്‌ പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിദേശത്തുള്ള വിജയ്‌ ബാബു 30-നു നാട്ടിലെത്തുമെന്നു വ്യക്‌തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണു ജസ്‌റ്റിസ്‌ പി. ഗോപിനാഥ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയാറായത്‌. വന്നില്ലെങ്കില്‍ 31-ന്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാം. വന്നാല്‍ 31 നോ ഒന്നിനോ ജാമ്യ ഹര്‍ജി പരിഗണിക്കാം. 30 വരെ അറസ്‌റ്റ്‌ ചെയ്യരുതെന്നും കോടതി വാക്കാല്‍ പറഞ്ഞു. വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമ തടസമുള്ളതിനാലാണ്‌ ഇങ്ങനൊരു നിര്‍ദേശമെന്നും പ്രതി നാട്ടിലെത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി വാക്കാല്‍ ചോദിച്ചു.
അതേസമയം, കോടതിക്കു മുന്നില്‍ വ്യവസ്‌ഥകള്‍ വയ്‌ക്കാന്‍ പ്രതിയായ വിജയ്‌ ബാബുവിനെ അനുവദിക്കരുതെന്നും ഇതു പ്രോത്സാഹിപ്പിക്കരുതെന്നും എ.ഡി.ജി.പി. ഗ്രേഷ്യസ്‌ കുര്യാക്കോസ്‌ ചൂണ്ടിക്കാട്ടി. പ്രതിയുടെ കാരുണ്യം ആവശ്യമില്ല. എവിടെയാണെങ്കിലും എന്നായാലും പിടികൂടും. നിയമനടപടികളില്‍നിന്നു കടന്നു കളഞ്ഞ പ്രതിയെ പിടികൂടാന്‍ നിയമപ്രകാരം ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും എ.ഡി.ജി.പി. പറഞ്ഞു.
അതിനിടെ, പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ്‌ ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here