ഡൽഹിയിലും പഞ്ചാബിലും കോൺ​ഗ്രസ് ഭരണകൂടങ്ങളെ തകർത്തെറിഞ്ഞ ആം ആദ്മി; കിഴക്കമ്പലം മുതൽ കൊച്ചി വരെ യുഡിഎഫിനെ തോൽപ്പിച്ച ട്വന്റി 20; തൃക്കാക്കരയിലെ പുതിയ മുന്നണി കോൺ​ഗ്രസിന്റെ പതനം ഉറപ്പിക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം

0

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയും ട്വന്റി 20യും കൈകോർത്തിറങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് കോൺ​ഗ്രസിന്. ആം ആദ്മി പാർട്ടി ഭരണം പിടിച്ച രണ്ട് സംസ്ഥാനങ്ങളിലും തകർത്തെറിഞ്ഞത് കോൺ​ഗ്രസ് സർക്കാരുകളെയാണ്. ട്വന്റി 20യാകട്ടെ കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നത് കോൺ​ഗ്രസ് പ്രവർത്തകർക്കിടയിലും. ഈ രണ്ട് പാർട്ടികളും കൂടി മുന്നണിയായി തൃക്കാക്കരയിൽ പോരിനിറങ്ങിയാൽ തങ്ങളുടെ പരമ്പരാ​ഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാകും എന്ന തിരിച്ചറിവിലാണ് കോൺ​ഗ്രസ്. കേരളത്തിലെ പുത്തൻ രാഷ്ട്രീയ കൂട്ടുകെട്ട് കോൺ​ഗ്രസിന്റെ പതനം ഉറപ്പാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

ഡൽഹിയിലും പഞ്ചാബിലും കോൺ​ഗ്രസ് സർക്കാരുകളെ പരാജയപ്പെടുത്തിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. കേരളത്തിലെ ട്വന്റി 20യും സ്വാധീനം ഉറപ്പിക്കുന്നത് കോൺ​ഗ്രസ് പ്രവർത്തകർക്കിടയിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കേരളം ഭരിക്കുന്ന സിപിഎമ്മിനും ബദലാകാനുള്ള ശേഷി കോൺ​ഗ്രസിന് ഇല്ലെന്നുള്ള പ്രചാരണവും ആം ആദ്മി – ട്വന്റി 20 സഖ്യത്തിന് ​ഗുണം ചെയ്യും.

തൃക്കാക്കരയിൽ ആംആദ്മിയുമായുള്ള സഖ്യം സ്ഥിരീകരിച്ച് ട്വന്റി 20 കോർഡിനേറ്റർ സാബു എം ജേക്കബ് രം​ഗത്തെത്തിയിരുന്നു. എഎപിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തും. സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നു. എഎപിയും ട്വന്റിയും 20യും ബദൽ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു. ദേശീയതലത്തിൽ ഭരണമികവ് തെളിയിച്ചു നിൽക്കുന്ന എഎപിയുമായുള്ള സഖ്യം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് ബദലാകുമെന്നും സാബു കൂട്ടിച്ചേർത്തു. പതിനഞ്ചാം തീയതി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ജെരിവാൾ കേരളത്തിലെത്തും.അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

തൃക്കാക്കരയിൽ ആം ആദ്മി മുന്നണിയും ഇടത് മുന്നണിയും മാത്രമല്ല, കോൺ​ഗ്രസിനുള്ളിൽ തന്നെയുള്ള ചേരിപ്പോരുകളും പാർട്ടിക്ക് വിനയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. നിലവിൽ പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുവാൻ കോൺ​ഗ്രസ് തയ്യാറാകില്ല. എന്നാൽ, മരണത്തിൽ പോലും സഭയെ വെല്ലുവിളിച്ച പി ടി തോമസിന്റെ ഭാര്യയെ ക്രിസ്ത്യൻ സഭകൾ പിന്തുണക്കുമോ എന്ന ചോദ്യവും കോൺ​ഗ്രസിന് മുന്നിലുണ്ട്. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. കോൺ​ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനാകട്ടെ എല്ലാ സഭകളുമായും നല്ല ബന്ധമാണുള്ളത്.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടിയാകും ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുക എന്നത് വ്യക്തമാണ്. കോൺ​ഗ്രസ് തകർന്നടിഞ്ഞു എന്ന് ഉറപ്പാക്കേണ്ടത് ബിജെപിയുടെയും ആവശ്യമാണ്. തൃക്കാക്കര പോലെ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ, കോൺ​ഗ്രസിന് കേരളത്തിലും ഭാവിയില്ലെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിയുമെന്നും അത് തങ്ങൾക്ക് ​ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here