കുടിവെള്ള പദ്ധതിക്ക്‌ ചാലുകീറുന്നതിനിടെ കൂടല്ലൂരില്‍ മഹാശിലായുഗകാലഘട്ടത്തിലെ ചെങ്കല്ല്‌ ഗുഹ കണ്ടെത്തി

0

ആനക്കര : കുടിവെള്ള പദ്ധതിക്ക്‌ ചാലുകീറുന്നതിനിടെ കൂടല്ലൂരില്‍ മഹാശിലായുഗകാലഘട്ടത്തിലെ ചെങ്കല്ല്‌ ഗുഹ കണ്ടെത്തി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍ പട്ടിപ്പാറ റോഡില്‍ പറക്കുളം കുടിവെളള പദ്ധതിക്കായി പൈപ്പിടുന്നതിന്‌ ജെ.സി.ബി. ഉപയോഗിച്ച്‌ ചാല്‍ കീറുന്നതിനിടെയാണ്‌ ഗുഹ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ പണി നിര്‍ത്തിവച്ചു. അര്‍ധഗോളാകൃതിയിലുള്ള ഗുഹയില്‍ രണ്ട്‌ അറകളാണ്‌ ഉള്ളത്‌. ആറോളം മണ്‍പാത്രങ്ങള്‍ നാട്ടുകാര്‍ ഗുഹയില്‍നിന്ന്‌ കണ്ടെത്തി.
രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ളതാണ്‌ ചെങ്കല്ല്‌ ഗുഹയെന്ന്‌ പട്ടാമ്പി സംസ്‌കൃത കോളജിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. രാജന്‍ സ്‌ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. ഗുഹയില്‍ ഇനിയും മണ്‍പാത്രങ്ങള്‍ ഉണ്ടെന്നും ഇത്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ടെന്നും രാജന്‍ പറഞ്ഞു. ഒരാള്‍ക്ക്‌ ഇരുന്നു പോകാന്‍ കഴിയുന്ന നീളമുള്ള ഗുഹ കടുപ്പമേറിയ ചെങ്കല്ല്‌ വെട്ടിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.
ചെങ്കല്ല്‌ നിറഞ്ഞ പ്രദേശവും നിളയുടെ തീരവുമാണിത്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചരിത്രകാരന്‍ രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ആനക്കരയില്‍ നടന്ന ഗവേഷണത്തില്‍ മഹാശിലായുഗകാലത്തിലെ വിവിധ ശേഷിപ്പുകളും വലിയ ചെങ്കല്ല്‌ ഗുഹയും കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമാണ്‌ ഇവിടെ നടത്തിയത്‌. ആദിമ മനുഷ്യര്‍ വസിച്ചിരുന്ന മേഖലയായിട്ടാണ്‌ പ്രദേശത്തെ കണ്ടെത്തിയിരുന്നത്‌.
മഹാശിലായുഗ സംസ്‌കാര കാലഘട്ടത്തില്‍ മരിച്ചവരുടെ ഭൗതികാവശിഷ്‌ടങ്ങള്‍ മറവ്‌ ചെയ്യാന്‍ ഉപയോഗിച്ചവയാകാം ഈ ഗുഹകളെന്നു കരുതുന്നു. പുരാവസ്‌തു വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ഇന്ന്‌ സ്‌ഥലം സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here