മുന്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ കബറടക്കം നാളെ

0

ആലപ്പുഴ: കാലം ചെയ്‌ത ആലപ്പുഴ രൂപത മുന്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ (78)കബറടക്കം നാളെ രാവിലെ 10.30 ന്‌ ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍ നടക്കും. ഇന്നു രാവിലെ ആറിനു ബിഷപ്പിന്റെ ഭൗതിക ശരീരം അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയില്‍ എത്തിക്കും.
പ്രാര്‍ത്ഥനാ ശുശ്രൂഷയ്‌ക്കു ശേഷം ബിഷപ്പിന്റെ തറവാട്ടുഭവനത്തില്‍ പൊതുദര്‍ശനത്തിനു അവസരമൊരുക്കും. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ മാതൃഇടവകയായ ചേന്നവേലി സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍ എത്തിക്കും. ഒരു മണിയോടെ തീരദേശത്തുള്ള ഇടവകകളില്‍ ആദരമര്‍പ്പിക്കാന്‍ അവസരം നല്‍കി ആലപ്പുഴ കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിക്കും.
വൈകിട്ട്‌ ഏഴിനു മാവേലിക്കര ഭദ്രാസനാധിപന്‍ ബിഷപ്‌ ജ്വോഷ്വ മാര്‍ ഇഗ്നാത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. തുടര്‍ന്ന്‌ ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ്‌ ജയിംസ്‌ റാഫേല്‍ ആനാപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന.
നാളെ രാവിലെ ഒന്‍പതിനു നഗരികാണിക്കല്‍ ശുശ്രൂഷ. ആലപ്പുഴ രൂപതയിലെ ദേവാലയങ്ങളില്‍നിന്നുള്ള ദര്‍ശന സമൂഹവും പ്രാര്‍ത്ഥനയുമായി നഗരികാണിക്കല്‍ കര്‍മത്തില്‍ പങ്കുചേരും. കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന്‌ ഭൗതിക ശരീരവുമായി കണ്ണന്‍വര്‍ക്കി പാലത്തിലേക്കെത്തുകയും അവിടെനിന്ന്‌ ശവക്കോട്ടപാലംവരെ എത്തിയതിനുശേഷം തിരികെ ദേവാലയത്തിലെത്തിക്കും. തുടര്‍ന്ന്‌ വിശുദ്ധ ബലിയും അന്ത്യകര്‍മങ്ങളും ആരംഭിക്കും. ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്‌ ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യാകാര്‍മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപതാ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ബിഷപ്‌ സൂസൈപാക്യം വചനപ്രഘോഷണം നടത്തും. തുടര്‍ന്നു കത്തീഡ്രല്‍ ദേവാലയത്തിലൊരുക്കിയിരിക്കുന്ന കല്ലറയില്‍ സംസ്‌കരിക്കും. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അനുസ്‌മരണ സമ്മേളനം. സമ്മേളനത്തില്‍ രാഷ്‌ട്രീയ നേതാക്കള്‍, മതസാമുഹിക രംഗത്തെ വിശിഷ്‌ടവ്യക്‌തികള്‍, ബിഷപ്പുമാര്‍ എന്നിവര്‍ സംബന്ധിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 8.15ന്‌ അര്‍ത്തുങ്കല്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ വിസിറ്റേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here