വരിക്കാരുടെ കോള്‍ വിവരങ്ങള്‍ രണ്ടു വര്‍ഷത്തേക്കു സൂക്ഷിക്കണമെന്നു ടെലികോം കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

0

കൊച്ചി : വരിക്കാരുടെ കോള്‍ വിവരങ്ങള്‍ (കോള്‍ ഡീറ്റെയ്‌ല്‍സ്‌ റെക്കോഡ്‌ – സി.ഡി.ആര്‍) രണ്ടു വര്‍ഷത്തേക്കു സൂക്ഷിക്കണമെന്നു ടെലികോം കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഒരു വര്‍ഷത്തെ സി.ഡി.ആറാണു നിലവില്‍ ലഭ്യമാകുന്നത്‌. അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം, രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണു നടപടി.
മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള കുറ്റാന്വേഷണത്തിന്റെ പ്രാധാന്യമാണു സി.ഡി.ആറിനെ നിര്‍ണായകമാക്കുന്നത്‌. എസ്‌.എം.എസുകള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ട്‌. ഇന്റര്‍നെറ്റ്‌ കോളുകള്‍ ഒഴികെയുള്ള എല്ലാ ഫോണ്‍വിളി വിവരങ്ങളും സി.ഡി.ആറില്‍ ലഭ്യമാണ്‌.
അതിനിടെ, ഉപയോക്‌താക്കളുടെ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കുന്നതില്‍ മൊബൈല്‍ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സി.ഡി.ആര്‍. എടുക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്‌. സാധാരണ കത്തു നല്‍കിയാല്‍ ലഭിക്കില്ല. പോലീസ്‌ സൂപ്രണ്ട്‌ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്‌ഥനെ നോഡല്‍ ഓഫീസര്‍ ആയി ചുമലതപ്പെടുത്തണം. ഈ ഉദ്യോഗസ്‌ഥന്റെ ഇ-മെയിലില്‍ വഴി അയയ്‌ക്കുന്ന ആവശ്യങ്ങള്‍ക്കു മാത്രമാകും കമ്പനി മറുപടി നല്‍കുക. ഇതിനായി നോഡല്‍ ഓഫീസര്‍ ഒരു ഇ മെയില്‍ ഐ.ഡി. മൊബൈല്‍ കമ്പനിക്കു രേഖാമൂലം നല്‍കണം. ഈ ഐ.ഡിയില്‍ നിന്നു മാത്രമേ വിവരങ്ങള്‍ ആവശ്യപ്പെടാവൂ. ഈ ഐ.ഡിയിലേക്കാകും മറുപടി നല്‍കുക. ഒാരോ വകുപ്പിലും ഇപ്രകാരം നോഡല്‍ ഓഫീസറെ ചുമലപ്പെടുത്തണമെന്നു കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
നേരത്തേ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെടുന്ന മുറയ്‌ക്കു വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതു പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്നു പരാതി വന്നതോടെയാണു കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ചില കേസുകളുടെ അന്വേഷണം വര്‍ഷങ്ങള്‍ നീളാറുണ്ട്‌. അങ്ങനെ വരുമ്പോള്‍ അന്വേഷണ ഏജന്‍സിക്കു രണ്ടുവര്‍ഷം കൂടുമ്പോള്‍ സി.ഡി.ആര്‍. എടുക്കേണ്ടതായി വരും.
സി.ആര്‍.പി.സി. സെക്ഷന്‍ 92, ഇന്ത്യന്‍ ടെലിഗ്രാഫ്‌ ആക്‌ട്‌ സെക്ഷന്‍ 5(2), ഇന്ത്യന്‍ ടെലിഗ്രാഫ്‌ ഭേദഗതി ചട്ടം 419 (അ) എന്നിവയുടെ അടിസ്‌ഥാനത്തില്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചു മാത്രമേ ഏതെങ്കിലും വ്യക്‌തിയുടെയോ വിഭാഗങ്ങളുടെയോ കോള്‍ വിവരങ്ങള്‍ എടുക്കാന്‍ ഏജന്‍സികള്‍ക്ക്‌ അനുവാദമുള്ളൂ.
കേന്ദ്രത്തിലെയോ സംസ്‌ഥാനങ്ങളിലെയോ ആഭ്യന്തര വകുപ്പു സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്‌ഥനാണു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവു പുറപ്പെടുവിക്കേണ്ടത്‌. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതി നേടാന്‍ കഴിയാതെവന്നാല്‍ നിയമ പരിപാലന ഏജന്‍സിയുടെ തലവന്റെയോ തൊട്ടുതാഴെയുള്ള ഓഫീസറുടെയോ അനുമതിയോടെ സി.ഡി.ആര്‍. എടുക്കാം. ഇക്കാര്യം മൂന്നു ദിവസത്തിനകം ഉചിതമായ അധികാര കേന്ദ്രത്തെ അറിയിക്കുകയും ഏഴു ദിവസത്തിനുള്ളില്‍ അനുമതി നേടുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here