കൊച്ചി മെട്രോയുടെ നടത്തിപ്പ് ചെലവുകൾക്ക് വേണം കുറഞ്ഞത് 75,000 യാത്രക്കാർ; പ്രതീക്ഷിച്ച യാത്രക്കാരുമില്ല, ടിക്കറ്റിതര വരുമാനവുമില്ല; വരുമാന കുറവും വായ്പാ തിരിച്ചടവും കൂടിയായപ്പോൾ പ്രതിദിന നഷ്ടം ഒരു കോടി രൂപയോളം; ലോകത്തെ നഷ്ടത്തിലോടുന്ന മെട്രോകളുടെ കൂട്ടത്തിൽ കൊച്ചി മെട്രോയും

0

സംസ്ഥാനത്തെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലാണ് കൊച്ചി മെട്രോയും. പ്രവർത്തനം തുടങ്ങി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും നഷ്ടത്തിൽ തന്നെ തുടരുകയാണ്. പ്രതിദിനം കണക്കുകൂട്ടിയ യാത്രക്കാരിലേക്ക് മെട്രോ ഇനിയും എത്തിയിട്ടില്ല. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിച്ചിട്ടും ആ ശ്രമവും വിജയം കണ്ടില്ല. ഈ പശ്ചാത്തലത്തിൽ മറ്റു വഴികൾ തേടേണ്ടി വരുമെന്ന പരിതാപകരമായ അവസ്ഥയിലാണ് മെട്രോ. ലോകത്ത് തന്നെ ഒന്നോ രണ്ടോ മെട്രോകൾ മാത്രമാണു ടിക്കറ്റ് വരുമാനം കൊണ്ടു മാത്രം ലാഭത്തിലോടുന്നത്.

മറ്റു മെട്രോകളെല്ലാം മറ്റു ധനാഗമ മാർഗങ്ങളുടെ ബലത്തിലാണു പിടിച്ചു നിൽക്കുന്നത്. സ്വന്തമായി ഐടി പാർക്കുകൾ നടത്തുന്ന മെട്രോകളും ഇന്ത്യയിലുണ്ട്. കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാർ 75,000 എത്തിയാൽ മെട്രോയുടെ നടത്തിപ്പ് ചെലവ് ടിക്കറ്റ് വരുമാനത്തിൽ നിന്നു കണ്ടെത്താം. എന്നാൽ പ്രതിദിന യാത്രക്കാർ ഇപ്പോഴും 40000 – 45000ത്തിൽ നിൽക്കുന്നു. ആലുവ നിന്നു തൃപ്പൂണിത്തുറ വരെ മെട്രോ നിർമ്മിക്കാൻ വേണ്ടിവന്ന ചെലവ് 7,200 കോടിയാണ്. വരുമാനം കുറവും വായ്പാ തിരിച്ചടവും കൂടിയായപ്പോൾ പ്രതിദിനം ഒരു കോടി രൂപയോളം നഷ്ടത്തിലാണു മെട്രോ ഇപ്പോൾ ഓടുന്നത്.

കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ സർക്കാർ നൽകിയ 18 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി വരുമാനം കണ്ടെത്താനുള്ള പ്രോജക്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടെ മിനി ടൗൺഷിപ് നിർമ്മിച്ച് ഫ്‌ളാറ്റുകൾ വിൽക്കാനായിരുന്നു ആദ്യ പദ്ധതി. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു പൊതുവെയുണ്ടായ തളർച്ച ഈ പദ്ധതിയെയും ബാധിച്ചു. 18 ഏക്കറിൽ നിന്നു പരമാവധി വരുമാനം കണ്ടെത്താവുന്ന പ്രോജക്ട് നിർദേശിക്കാൻ കെഎംആർഎൽ ഇപ്പോൾ ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കളമശേരിയിൽ മുട്ടം മെട്രോ യാഡിനു പിന്നിൽ 45 ഏക്കർ പാടത്തു മെട്രോസിറ്റി നിർമ്മിക്കാൻ ആദ്യഘട്ടത്തിൽ ആലോചനയുണ്ടായിരുന്നു. പരിസ്ഥിതിയുടെ പേരിലുള്ള എതിർപ്പിനെ തുടർന്ന് അതു മുന്നോട്ടു പോയില്ല. ഇതെല്ലാം വീണ്ടും പൊടിതട്ടി എടുക്കാനുള്ള ശ്രമങ്ങളും നടക്കുനന്ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here